കൊല്‍ക്കത്ത:  ടെസ്റ്റില്‍ നിന്ന് വിരമിച്ചെങ്കിലും ധോനിക്ക് പ്രിയം ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റ് തന്നെയാണ്. ടീമിന്റെ ഭാഗമല്ലാതിരുന്നിട്ടും കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെ പിച്ച് പരിശോധിക്കാന്‍ ധോനിയെത്തി. 

നവംബര്‍ 16ന് തുടങ്ങുന്ന ശ്രീലങ്കക്കെതിരായ ടെസ്റ്റിന് ഈഡന്‍ ഗാര്‍ഡന്‍സാണ് വേദിയാകുന്നത്. ഇതിന് മുന്നോടിയായിരുന്നു ധോനിയുടെ പിച്ച് സന്ദര്‍ശനം. ടിട്വന്റിയില്‍ ധോനിയെ മാറ്റിനിര്‍ത്തേണ്ട സമയമായെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് ധോനിയുടെ പിച്ച് പരിശോധന എന്നത് ശ്രദ്ധേയമാണ്. 

മുന്‍ താരം കപില്‍ ദേവുമൊത്ത് ഒരു പരസ്യചിത്രീകരണത്തിന്റെ ഭാഗമായാണ് ധോനി കൊല്‍ക്കത്തയിലെത്തിയത്. ക്യൂറേറ്റര്‍ സുജന്‍ മുഖര്‍ജിയുമായി സംസാരിച്ച ധോനി പിച്ചിനെ പ്രശംസിക്കാനും ഇന്ത്യന്‍ ടീമിന് ആശംസ അറിയിക്കാനും മറന്നില്ല. നവംബര്‍ 16ന് തുടങ്ങുന്ന ടെസ്റ്റ് 20നാണ് അവസാനിക്കുക. 2014ല്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ച ധോനിയുടെ പേരില്‍ 90 മത്സരങ്ങളില്‍ നിന്ന്  4876 റണ്‍സാണുള്ളത്.

Content Highlights: MS Dhoni Eden Gardens Pitch India vs SriLanka Test