ദുബായ്: ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യയെ നയിക്കാന്‍ 696 ദിവസങ്ങള്‍ക്കു ശേഷം ക്യാപ്റ്റന്‍ കൂള്‍ തിരിച്ചെത്തി. അഫ്ഗാനെതിരായ മത്സരം ധോനി ഇന്ത്യയെ നയിക്കുന്ന 200-ാമത്തെ മത്സരമാണ്. 

ഏഷ്യ കപ്പില്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചതിനാല്‍ രോഹിത് ശര്‍മയടക്കമുള്ള താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചതോടെയാണ് ധോനി ഇന്ത്യന്‍ നായകസ്ഥാനത്ത് തിരിച്ചെത്തിയത്. അതേസമയം ഇന്ത്യക്കെതിരേ ടോസ് നേടിയ അഫ്ഗാന്‍ ബാറ്റിങ്ങ് തിരഞ്ഞെടുത്തു. 2017 ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരേയാണ് ധോനി അവസാനമായി ഇന്ത്യയെ നയിച്ചത്.

ഇന്ത്യന്‍ നിരയില്‍ ദീപക് ചാഹറിന്റെ ആദ്യ മത്സരമാണ് ഇന്നത്തേത്. ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്ന 22-ാമത്തെ താരമാണ് ചാഹര്‍. രോഹിത് ശര്‍മയ്ക്കു പുറമെ ഓപ്പണര്‍ ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കും ഇന്ത്യ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇവര്‍ക്കു പകരം ലോകേഷ് രാഹുല്‍, മനീഷ് പാണ്ഡേ, ഖലീല്‍ അഹമ്മദ്, സിദ്ധാര്‍ഥ് കൗള്‍ എന്നിവര്‍ ടീമിലെത്തി.

വിരാട് കോലി ഇല്ലാതെ ഏഷ്യ കപ്പിന് വരുമ്പോള്‍ ബാറ്റിങ്ങിനെക്കുറിച്ച് ചെറിയ ആശങ്കകളുണ്ടായിരുന്നു. അഞ്ചുകളികള്‍ പിന്നിടുമ്പോള്‍ ടോപ് ഗിയറിലാണ് ഇന്ത്യന്‍ ബാറ്റിങ്. ടൂര്‍ണമെന്റില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്ത രണ്ടുപേരും ഇന്ത്യയില്‍നിന്ന്. ശിഖര്‍ ധവാനും (നാല് ഇന്നിങ്‌സ് 327 റണ്‍സ്) രോഹിത് ശര്‍മയും (നാല് ഇന്നിങ്‌സ് 269 റണ്‍സ്). ധവാന് രണ്ട് സെഞ്ചുറി, രോഹിതിന് ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറികളും. ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന അമ്പാട്ടി റായുഡു, ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ് തുടങ്ങിയവര്‍ക്ക് അവസരം കിട്ടിയില്ല എന്നതാണ് ഇപ്പോഴത്തെ ഖേദം.

ആദ്യമത്സരത്തില്‍ ഹോങ് കോങ്ങിനെതിരേ മാത്രമാണ് ഇന്ത്യ വിയര്‍ത്തത്. പിന്നീടെല്ലാം ഏകപക്ഷീയ വിജയങ്ങളായിരുന്നു. ഞായറാഴ്ച രാത്രി സൂപ്പര്‍ ഫോറിലെ രണ്ടാമത്തെ മത്സരത്തില്‍ ഒമ്പതുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ ഏഴുവിക്കറ്റിന് 237 റണ്‍സടിച്ചെങ്കിലും മറുപടി ബാറ്റിങ്ങില്‍ രോഹിതും (111 നോട്ടൗട്ട് *) ധവാനും (114) സെഞ്ചുറി കണ്ടെത്തിയതോടെ ഇന്ത്യ 39.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യംകണ്ടു. 210 റണ്‍സാണ് ധവാന്‍-രോഹിത് സഖ്യം ഓപ്പണിങ് വിക്കറ്റില്‍ അടിച്ചുകൂട്ടിയത്.

ബൗളിങ്ങിലും മികച്ച ഫോമിലാണ് ഇന്ത്യ. ഓരോ കളിയും ജയിപ്പിക്കാന്‍ ഒരാള്‍ അവസരത്തിനൊത്ത് ഉയരുന്നു. ഡത്ത് ഓവറുകളില്‍ ജസ്പ്രീത് ബുംറയും ഭുവനേശ്വറും മുന്നില്‍നിന്ന് നയിക്കുന്നു. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാര്‍ കളിനിയന്ത്രണം ഏറ്റെടുക്കുന്നു.

Content Highlights: ms dhoni captain india vs afghanistan asia cup