Photo: M.S.Dhoni
എം.എസ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുമ്പോള്‍ ബാക്കിയാക്കുന്നത് ഒരുപിടി ക്യാപ്റ്റന്‍സി റെക്കോഡുകള്‍ മാത്രമല്ല. തന്റേതായ മുദ്ര പതിപ്പിച്ച ക്രിക്കറ്റ് സ്‌റ്റൈല്‍ കൂടിയാണ്. കളിക്കളത്തിലെ വ്യത്യസ്തമായ പെരുമാറ്റരീതിയും കളിയോടുള്ള സമീപനവും വഴി ക്യാപ്റ്റന്‍ കൂളിന് സ്വന്തമാക്കാനായത് ക്രിക്കറ്റ്‌പ്രേമികളുടെ ഹൃദയം കൂടിയാണ്. സച്ചിനുശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട് കോലിയേക്കാള്‍ വലിയ ഫാന്‍ബേസ് ധോനിക്കു നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്നുവേണം കരുതാന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയില്ലെങ്കിലും ഐ.പി.എല്‍ ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളില്‍ കളിതുടരുമെന്ന ധോനിയുടെ പ്രഖ്യാപനം പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്.
ധോനി എന്തുകൊണ്ട് ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനാകുന്നു എന്ന ചോദ്യത്തിന് ഉത്തരം വളരെ ലളിതമാണ്. പ്രതിസന്ധി ഘട്ടത്തില്‍ രാഹുല്‍ ദ്രാവിഡില്‍നിന്ന് ഉത്തരവാദിത്തം ഏറ്റെടുത്തതിനു ശേഷം ടീം ഇന്ത്യയുടെ നേടിയ വിജയങ്ങളുടെ പട്ടിക മാത്രം പരിശോധിച്ചാല്‍ ഇതിനുള്ള ഉത്തരം ലഭിച്ചേക്കും. എന്നാല്‍ വിജയങ്ങളില്‍മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല എം.എസ്. ധോനി എന്ന നായകന്റെ വ്യക്തിപ്രഭാവം. അതുകൊണ്ടുതന്നെയാണ് ധോനി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഒരു ടീമിനെ നയിച്ച നായകനായതും.
ഐ.സി.സിയുടെ മൂന്ന് പ്രധാന ടൂര്‍ണമെന്റുകള്‍ സ്വന്തമാക്കിയ ഒരേയൊരു ക്യാപ്റ്റനാണ് ധോനി. 2007-ലെ പ്രഥമ ട്വന്റി-20 ലോകകപ്പും 2011-ലെ ഏകദിന ലോകകപ്പും 2013-ലെ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യ നേടുമ്പോള്‍ നായകന്‍ ധോനിയായിരുന്നു. 2011- െലോകകപ്പിനുശേഷം നടന്ന പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരേ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയ ടീം ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടുന്ന കാഴ്ച പലരും അമ്പരപ്പോടെയാണ് നോക്കിക്കണ്ടത്. 2010-ലും 2016-ലും ഇന്ത്യ ഏഷ്യാക്കപ്പ് ചാമ്പ്യന്മാരായതും ധോനിയുടെ നേതൃമികവിലായിരുന്നു.
332 അന്താരാഷ്ട്ര മത്സരങ്ങളിലാണ് ധോനി ഇന്ത്യയെ നയിച്ചത്. 200 ഏകദിനത്തിലും 60 ടെസ്റ്റ് മത്സരങ്ങളിലും 72 ട്വന്റി-20 മത്സരങ്ങളിലും. ഇതില്‍ 178 എണ്ണത്തിലും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ബാറ്റിങ് ഓഡറില്‍ ഏറെ താഴെയായാണ് ഇറങ്ങുന്നതെങ്കിലും ഇന്ത്യയ്ക്കുവേണ്ടി 10,000 ഏകദിന റണ്‍സ് നേടിയവരുടെ പട്ടികയില്‍ ധോനിയുമുണ്ട്. ഏകദിനത്തിലെ മികച്ച ഫിനിഷര്‍ കൂടിയായ ധോനി 84 മത്സങ്ങളില്‍ പുറത്താകാതെ നിന്നതിന്റെ റെക്കോഡിനും ഉടമയാണ്. ക്യാപ്റ്റനെന്ന നിലയില്‍ ധോനി നേടിയ 204 സിക്സറുകളുടെ റെക്കോഡ് എളുപ്പത്തില്‍ തകര്‍ക്കപ്പെടാനിടയില്ല. 2006 മുതല്‍ 2015 വരെ തുടര്‍ച്ചയായ 10 വര്‍ഷങ്ങളില്‍ ഐ.സി.സി റാങ്കിങില്‍ ആദ്യ 10-ല്‍ ഇടംനേടിയ മറ്റൊരു ബാറ്റ്സ്മാന്‍ ഇല്ലെന്നത് ശ്രദ്ധേയമാണ്.
ഏകദിന ക്രിക്കറ്റില്‍ വിക്കറ്റിനു പിന്നില്‍ പുറത്താക്കിവരുടെ എണ്ണത്തില്‍ ദക്ഷിണാഫ്രിക്കയുടെ മാര്‍ക്ക് ബൗച്ചറിന്റെയും ആദം ഗില്‍ക്രിസ്റ്റിനും പിന്നിലാണ് ധോനി. എന്നാല്‍ വിക്കറ്റ് കീപ്പര്‍മാരുടെ കഴിവിനെ അളക്കാവുന്ന സ്റ്റംപിങിന്റെ കാര്യം വരുമ്പോള്‍ കണക്കുകള്‍ മറ്റൊന്നാണ്. 350 ഏകദിന മത്സരങ്ങളില്‍നിന്നായി തന്റെ സ്വതസിദ്ധമായ മിന്നല്‍ സ്റ്റമ്പിങിലൂടെ ധോനി പുറത്താക്കിയത് 123 പേരെയാണ്. ഏകദിനത്തില്‍ 100-നുമേല്‍ ബാറ്റ്സ്മാന്‍മാരെ സ്റ്റമ്പിങിലൂടെ പുറത്താക്കിയ ഏക വിക്കറ്റ് കീപ്പര്‍ ധോനിയാണ്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ധോനിയുടെ ക്യാപ്റ്റന്‍സി റെക്കോഡ് മറ്റാര്‍ക്കും എത്തിപ്പിടിക്കാനായിട്ടില്ല. 12 വര്‍ഷമായി ചെന്നൈ സൂപ്പര്‍കിങ്സിന്റെ നായകനായി തുടരുന്ന ധോനി ടീമിനെ നാലു തവണ കിരീട നേട്ടത്തിലും അതിലേറെ തവണ ഫൈനലിലും എത്തിച്ചിട്ടുണ്ട്. ഐ.പി.എല്ലില്‍ ഇതുവരെ 4432 റണ്‍സും ധോനി നേടിയിട്ടുണ്ട്. തലയുടെ ആട്ടം ഇനിയും കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ധോനിയും സംഗക്കാരയും; ഒരു താരതമ്യം
വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന്‍മാര്‍ നായക സ്ഥാനത്ത് ധോനിക്ക് മുന്‍പും ശേഷവും എത്തിയിട്ടുണ്ട്. സമകാലികരുടെ പട്ടികയില്‍ ധോനിയുമായി താരതമ്യം ചെയ്യാന്‍ ഏറ്റവും അര്‍ഹതപ്പെട്ടയാള്‍ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയാണ്. ബാറ്റ്സ്മാന്‍ എന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ കരിയര്‍ റെക്കോര്‍ഡുകളുടെ കാര്യത്തില്‍ ധോനിയേക്കാള്‍ ഒരുപടി മുന്നിലാണ് കുമാര്‍ സംഗക്കാര.
134 ടെസ്റ്റ് മത്സരങ്ങളും 404 ഏകദിന മത്സരങ്ങളും കളിച്ചിട്ടുള്ള സംഗക്കാര രണ്ടു ഫോര്‍മാറ്റിലും പതിനായിരത്തിലേറെ റണ്‍സ് നേടിയിട്ടുള്ള ഒരേയൊരു വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാനാണ്. എന്നാല്‍ മിക്കപ്പോഴും ബാറ്റിങ് ഓഡറില്‍ വൈകി ഇറങ്ങുന്ന ധോനിയുടെ ഏകദിനത്തിലെ ശരാശരി 50-നു മുകളിലാണ്. ഒരുപക്ഷെ ടോപ്പ് ഓഡറില്‍ ഇറങ്ങിയിരുന്നെങ്കില്‍ മറ്റുപല ബാറ്റിങ് റെക്കോഡുകളും തകര്‍ക്കാനുള്ള പ്രഹരശേഷി ധോനിക്കുണ്ടായിരുന്നുവെന്നു പറഞ്ഞാല്‍ അത്ഭുതപ്പെടേണ്ടതില്ല.
വിക്കറ്റിനു പിന്നിലെ കണക്കുകളും ക്യാപ്റ്റന്‍സി റെക്കോര്‍ഡുകളും പരിഗണിക്കുമ്പോള്‍ ധോനിയുടെ മികവിന്റെ തലം മറ്റൊന്നാണെന്ന് മനസിലാക്കാനാവും. വിവിധ ഫോര്‍മാറ്റുകളിലായി 594 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള സംഗക്കാര 678 പേരെയാണ് പുറത്താക്കിയിട്ടുള്ളത്. 539 ക്യാച്ചും 139 സ്റ്റംപിങും ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം 538 മത്സങ്ങളില്‍നിന്നായി 829 പേരെയാണ് ധോനി പുറത്താക്കിയത്. 634 ക്യാച്ചും 195 സ്റ്റംപിങും ഉള്‍പ്പെടെയാണിത്.
Content Highlights: MS Dhoni Captain Cool Indian Team
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..