ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച വിക്കറ്റ് കീപ്പര്‍മാരുടെ എണ്ണമെടുത്താല്‍ അതില്‍ ഒരാള്‍ ഇന്ത്യന്‍ താരം എം.എസ് ധോനിയാകും. ബംഗ്ലാദേശിനെതിരായ ഏഷ്യാ കപ്പ് ഫൈനലിനിടയില്‍ ധോനി ഒരിക്കല്‍ കൂടി തന്റെ മികവ് തെളിയിച്ചു.  

അന്താരാഷ്ട്ര ക്രിക്കറ്റില്‍ എണ്ണൂറിലധികം ഇരകളെ കണ്ടെത്തുന്ന മൂന്നാമത്തെ വിക്കറ്റ് കീപ്പറും ഏഷ്യയിലെ ആദ്യ വിക്കറ്റ് കീപ്പറുമെന്ന റെക്കോഡാണ് ധോനി സ്വന്തം പേരില്‍ കുറിച്ചത്. 616 ക്യാച്ചും 184 സ്റ്റമ്പിങ്ങുമാണ് വിക്കറ്റിന് പിന്നില്‍ ധോനിയുടെ പേരിലുള്ളത്‌. ദക്ഷിണാഫ്രിക്കയുടെ മാര്‍ക്ക് ബൗച്ചര്‍ (998), ഓസ്‌ട്രേലിയയുടെ ആഡം ഗില്‍ക്രിസ്റ്റ് (905) എന്നിവരാണ് ധോനിക്ക് മുന്നിലുള്ളത്. 

ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിന്റെ ഇന്നിങ്‌സിലെ 43-ാം ഓവറിലായിരുന്നു ധോനി നേട്ടം കൈവരിച്ചത്. കുല്‍ദീപ് യാദവിന്റെ ബൗളിങ്ങില്‍ മഷ്‌റഫെ മൊര്‍താസയെ സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു ധോനി. കന്നി ഏകദിന സെഞ്ചുറിയുമായി കളം നിറഞ്ഞ ബംഗ്ലാ ബാറ്റ്‌സ്മാന്‍ ലിട്ടണ്‍ ദാസിനേയും ധോനി സ്റ്റമ്പിങ്ങിലൂടെ പുറത്താക്കിയിരുന്നു. 41ാം ഓവറില്‍ കുല്‍ദീപ് യാദവിന്റെ പന്തില്‍ സെക്കന്റുകള്‍ക്കുള്ളിലാണ് ധോനി ബെയ്ല്‍ തെറിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ഈ സ്റ്റമ്പിങ് വീഡിയോ പങ്കുവെച്ചിട്ടുണ്ട്. മിന്നലിനേക്കാള്‍ വേഗതയാണ് ധോനിയുടെ സ്റ്റമ്പങ്ങിനെന്നും ആരാധകര്‍ പറയുന്നു

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്റ്റമ്പിങ്ങിന്റെ എണ്ണത്തിലും ധോനി തന്നെയാണ് മുന്നില്‍. 184 പോരെയാണ് ധോനി സ്റ്റമ്പിങ് വഴി പുറത്താക്കിയത്‌. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര (139), രമേഷ് കലുവിതരണെ (101) എന്നിവരാണ് ഈ റെക്കോഡില്‍ ധോനിക്ക് പിന്നിലുള്ളത്.

ms dhoni

Content Highlights: MS Dhoni Becomes First Indian To Register 800-Plus Dismissals In International Cricket