ന്യൂഡല്‍ഹി: വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരായ ക്രിസ് ഗെയ്ല്‍, ഡേവിഡ് വാര്‍ണര്‍, കീറോണ്‍ പൊള്ളാര്‍ഡ്, എം.എസ് ധോനി അടക്കമുള്ള താരങ്ങള്‍ നിലവില്‍ ഉപയോഗിക്കുന്ന ബാറ്റുവെച്ച്‌ സിക്‌സിലേക്കും ഫോറിലേക്കും പന്ത് പായിക്കുന്നത് ഈ മാസത്തോടെ അവസാനിക്കും. തങ്ങളുടെ ബാറ്റിങ് സ്‌റ്റൈലില്‍ തന്നെ മാറ്റം വരുത്തേണ്ട അവസ്ഥയിലാണ് ഈ ഹിറ്റ് ബാറ്റ്‌സ്മാന്‍മാരെല്ലാം. കാരണം മറ്റൊന്നുമല്ല, ബാറ്റിന്റെ ആകൃതി തന്നെയാണ്.

ബാറ്റിന്റെ തടിയുള്ള അറ്റം തന്നെയാണ് പ്രശ്‌നക്കാരന്‍. താഴ്ഭാഗത്തേക്ക്‌ കൂടുതല്‍ മരം വെച്ച് നിര്‍മ്മിച്ച തരത്തിലാണ് ഈ ബാറ്റ്. മേരിലെബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എം.സി.സി) ഈ മെയില്‍ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശത്തില്‍ ബാറ്റിന്റെ താഴ്‌വശം 40 മില്ലി മീറ്ററില്‍ കൂടുതലാകാന്‍ പാടില്ല. ഇതോടെയാണ് ധോനിയടക്കമുള്ള താരങ്ങള്‍ക്ക് ബാറ്റ് മാറ്റേണ്ടി വരുന്നത്.

പുതിയ മാര്‍ഗ്ഗനിര്‍ദേശമനുസരിച്ചുള്ളതാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, സ്റ്റീവ് സ്മിത്ത്., ജോ റൂട്ട് എന്നിവരുടെ ബാറ്റുകള്‍. അതിനാല്‍ ഇവരെ ഈ പ്രശ്‌നം ബാധിക്കില്ല.

cricket bat
കടപ്പാട്: നെറ്റ്‌വര്‍ക്ക് 18

വാര്‍ണറും പൊള്ളാര്‍ഡും ഗെയ്‌ലുമെല്ലാം ഉപയോഗിക്കുന്ന ബാറ്റിന്റെ അറ്റത്തിന് 50മില്ലിമീറ്റര്‍ കട്ടിയുണ്ട്. ധോനിയുടേത് 45 മില്ലിമീറ്ററുമാണ്. ഈ മാര്‍ഗ്ഗനിര്‍ദേശം മുന്നില്‍ കണ്ട് പൊള്ളാര്‍ഡ് കഴിഞ്ഞ ഐ.പി.എല്ലില്‍ തന്നെ ബാറ്റില്‍ മാറ്റം വരുത്തിയിരുന്നു.

ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന ധോനിയുടെ ബാറ്റിന്റെ ആകെ ഭാരം 1250 ഗ്രാമിനും 1300 ഗ്രാമിനും ഇടയിലാണ്. ബാറ്റിന്റെ മധ്യഭാഗം 12 ഇഞ്ചാണ്. ബാറ്റിന്റെ കൈപ്പിടിയില്‍ നിന്ന് നാല് ഇഞ്ച് മുകളിലാണ് മധ്യഭാഗമായ സ്വീറ്റ് സ്‌പോട്ടിലേക്കുള്ള ദൂരം. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ കോലിയുടെ ബാറ്റ് ഭാരം കുറവാണ്. 1160 ഗ്രാം ഭാരമുള്ള ബാറ്റിന്റെ മധ്യഭാഗം 14 ഇഞ്ചാണ്. രോഹിത് ശര്‍മ്മയുടെ ബാറ്റിന്റെ ഭാരം 1160 ഗ്രാം മുതല്‍ 1180 ഗ്രാം വരെയാണ്.

പുതിയ മാര്‍ഗ്ഗനിര്‍ദേശ പ്രകാരം ബാറ്റിന്റെ അറ്റം 40 മില്ലിമീറ്റര്‍ മാത്രമായാല്‍ പോര. വീതി 108 മില്ലിമീറ്ററിലും ആഴം (ഡെപ്ത്) 67 മില്ലിമീറ്ററുമാകണം.