ബെംഗളൂരു: ഒടുവില്‍ സ്റ്റമ്പിങ്ങില്‍ ധോനിക്കും പിഴച്ചു. അതും യുസ്‌വേന്ദ്ര ചാഹലിന്റെ പന്തില്‍. ഓസീസിനെതിരായ നാലാം ഏകദിനത്തിലാണ് ധോനിക്ക് പിഴച്ചത്. അതും ഓസീസ് ബാറ്റിങ്ങിലെ നട്ടെല്ലായ ആരോണ്‍ ഫിഞ്ചിനെ പുറത്താക്കാനുള്ള അവസരം.

മത്സരത്തിന്റെ 23-ാം ഓവര്‍ എറിയാനെത്തിയത് ചാഹലായിരുന്നു. ലെഗ് സ്പിന്നര്‍ ഒരിക്കല്‍ കൂടി അദ്ഭുതം കാട്ടിയപ്പോള്‍ ഫിഞ്ചിന് ആ പന്ത് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ക്രീസില്‍ നിന്ന് കയറിയടിക്കാന്‍ ശ്രമിച്ച ഫിഞ്ചിന് പിഴച്ചു. പന്ത് കൈപ്പിടിയിലൊതുക്കി ധോനിക്ക് അനായാസം സ്റ്റമ്പെടുക്കാമായിരുന്നു. എന്നാല്‍ ധോനിയുടെ കൈ ചോര്‍ന്ന് പോയ പന്ത് ബൗണ്ടറിയും കടന്ന് ഓസീസിന് നാല് റണ്‍സ് സമ്മാനിച്ചു.

ഫിഞ്ച് 47 റണ്‍സും ഓസ്‌ട്രേലിയ 141 റണ്‍സുമെടുത്തു നില്‍ക്കുമ്പോഴാണ് ധോനി സ്റ്റമ്പിങ് അവസരം നഷ്ടപ്പെടുത്തിയത്. പിന്നീട് വാര്‍ണര്‍ക്കൊപ്പം ഫിഞ്ച് ഓപ്പണിങ് വിക്കറ്റില്‍ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടാണുണ്ടാക്കിയത്. 

നേരത്തെ ചാഹലും ധോനിയും തമ്മിലുള്ള രസതന്ത്രം ഏറെ ചര്‍ച്ചയായിരുന്നു. ഇന്‍ഡോറില്‍ മാക്‌സ്‌വെല്ലിനെ ചാഹലിന്റെ പന്തില്‍ സ്റ്റമ്പ് ചെയ്ത് ധോനി തുടര്‍ച്ചയായ അഞ്ചാം ഇരയെ കണ്ടെത്തിയിരുന്നു. ഈ അഞ്ചും ചാഹലിന്റെ പന്തിലെന്നതായിരുന്നു ശ്രദ്ധേയം. ഇതിനിടെ ശ്രീലങ്കന്‍ ക്യാപ്റ്റനായിരുന്ന കുമാര്‍ സംഗക്കാരയെ പിന്നിലാക്കി സ്റ്റമ്പിങ്ങിലെ റെക്കോഡും ധോനി സ്വന്തമാക്കി.