സിഡ്‌നി: ജൂലായ് ഒന്നാം തിയ്യതിയോടെ ഓസ്‌ട്രേലിയയുടെ ഇരുനൂറിലധികം ക്രിക്കറ്റ് താരങ്ങള്‍ തൊഴില്‍രഹിതരാകുമെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഗ്രെഗ് ഡ്യെര്‍. ക്രിക്കറ്റ് ഓസ്‌ട്രേലിയയും താരങ്ങളും തമ്മിലുള്ള കരാര്‍ ജൂണ്‍ മുപ്പതോടെ അവസാനിക്കുകയും പുതിയ കരാറിന്റെ കാര്യത്തില്‍ തീരുമാനമാകാത്തതുമാണ് ഇതിനു കാരണം. തങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും തൊഴില്‍രഹിതരാണെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് താരങ്ങളെ തയ്യാറാക്കിയെടുക്കുകയാണെന്നും ഗ്രെഗ് ഡ്യെര്‍ വ്യക്തമാക്കി.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ സംഘടനയായ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷനും ക്രിക്കറ്റ് ബോര്‍ഡായ ക്രിക്കറ്റ് ഓസ്‌ട്രേലിയയും തമ്മില്‍ പ്രതിഫലക്കാര്യത്തിലുള്ള തര്‍ക്കമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കരാര്‍ പുതുക്കാമെന്നും പ്രതിഫലം കൂട്ടി നല്‍കാമെന്നുമായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കിയിരുന്നത്. 

എന്നാല്‍ ഐ.പി.എല്‍ പോലുള്ള ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. ഇത് താരങ്ങള്‍ക്ക് അംഗീകരിക്കാനാകുമായിരുന്നില്ല. മിച്ചല്‍ ജോണ്‍സണും പാറ്റ് കമ്മിന്‍സും ഷെയ്ന്‍ വാട്‌സണും ക്രിക്കറ്റ് ഓസ്‌ട്രേലിയക്കെതിരെ രംഗത്തു വരികയും ചെയ്തു. തുടര്‍ന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പരിഷ്‌കരിച്ച കരാര്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച മുന്നോട്ടുവെച്ചെങ്കിലും ക്രിക്കറ്റ് താരങ്ങളുടെ സംഘടന അതു തള്ളുകയായിരുന്നു. 

ക്രിക്കറ്റേഴ്‌സ് അസോസിയേഷനും ക്രിക്കറ്റ് ഓസ്‌ട്രേലിയയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കപ്പെടാത്തതിനാല്‍ ഇനി വരാനുള്ള പരമ്പരകളെയും  ഇത് ബാധിക്കും. ഓസ്‌ട്രേലിയ എ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം, രണ്ടു ടെസ്റ്റുകളടങ്ങിയ ബംഗ്ലാദേശ് പരമ്പര, ഇന്ത്യയുമായുള്ള ഏകദിന പരമ്പര എന്നിവയെല്ലാം ഭീഷണിയിലാണ്.