സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യന്‍ പേസ് ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മുഹമ്മദ് ഷമി അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറയും ശര്‍ദ്ദുല്‍ ഠാക്കൂറും രണ്ടു വിക്കറ്റ് വീതവും മുഹമ്മദ് സിറാജ് ഒരു വിക്കറ്റുമെടുത്തു. 

റാസീ വാന്‍ ഡെര്‍ ഡസനെയാണ് സിറാജ് പുറത്താക്കിയത്. 18 പന്തില്‍ മൂന്നു റണ്‍സെടുത്ത വാന്‍ ഡെര്‍ ഡസനെ സിറാജ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന അജിങ്ക്യ രഹാനേയുടെ കൈയിലെത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ പേസ് ബൗളറുടെ വിക്കറ്റാഘോഷം ആസ്വാദിച്ചത് ക്രിക്കറ്റ് ആരാധകരേക്കാള്‍ ഫുട്‌ബോള്‍ ആരാധകരാണ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോള്‍ ആഘോഷം പോലെയായിരുന്നു സിറാജിന്റെ വിക്കറ്റ് ആഘോഷവും. ഇതിന്റെ വീഡിയോ നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 

പ്രീമിയര്‍ ലീഗ് ഇന്ത്യ ട്വിറ്റര്‍ പേജും സിറാജിന്റെ ആഘോഷം ട്വീറ്റ് ചെയ്തിട്ടുണ്ട്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ആഘോഷം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യന്‍ ക്യാമ്പിലുമെത്തി എന്ന കുറിപ്പോടെയാണ് പ്രീമിയര്‍ ലീഗ് ഇന്ത്യ ചിത്രം ട്വീറ്റ് ചെയ്തത്.

Content Highlights: Mohammed Siraj Celebrates Wicket With Cristiano Ronaldo's Celebration