അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ മുഹമ്മദ് ഷമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുമ്പോഴാണ് ഷമിയ്ക്ക് പരിക്കേറ്റത്. 

പാറ്റ് കമ്മിന്‍സ് എറിഞ്ഞ 21-ാം ഓവറിലെ മൂന്നാം പന്ത് പിച്ചില്‍ കുത്തിയുയര്‍ന്നു. ഇത് തടയാന്‍ ശ്രമിച്ച ഷമിയുടെ കൈയ്യിലാണ് പന്ത് തട്ടിയത്. ഇതിനുശേഷം വേദനകൊണ്ട് പുളഞ്ഞ താരം ഉടന്‍തന്നെ റിട്ടയര്‍ ചെയ്ത് ഡ്രസ്സിങ് റൂമിലേക്ക് പോയി. 

ഇതിനുശേഷം വിദഗ്ധ ചികിത്സയ്ക്കായി താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷമിയ്ക്ക് നല്ല വേദന അനുഭവപ്പെടുന്നുണ്ടെന്നും കൈ ഉയര്‍ത്താന്‍ പോലും താരത്തിന് പറ്റുന്നില്ലെന്നും നായകന്‍ കോലി അറിയിച്ചു. ഇനി നടക്കാനിരിക്കുന്ന മത്സരങ്ങളിൽ ഷമി കളിക്കുമോ എന്ന കാര്യത്തിൽ സംശയമാണ്.

ഷമി റിട്ടയര്‍ ചെയ്തതിന് പിന്നാലെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് വെറും 36 റണ്‍സിന് അവസാനിച്ചു. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. ഇതിനുമുന്‍പ് 42 ആയിരുന്നു ഏറ്റവും ചെറിയ സ്‌കോര്‍. 1974-ല്‍ ഇംഗ്ലണ്ടിനെതിരെയാണ് ഈ സ്‌കോര്‍ ഇന്ത്യ കണ്ടെത്തിയത്. 

Content Highlights: Mohammed Shami suffers wrist injury taken to hospital for scan