ന്യൂഡല്‍ഹി: ബാല്യകാല സുഹൃത്തിനൊപ്പോലെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി സഹതാരങ്ങളോട് പെരുമാറുകയെന്ന് ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമി. ഒരു തരത്തിലുള്ള സമ്മര്‍ദ്ദവും പേസ് ബൗളിങ് യൂണിറ്റിന് മുകളില്‍ കോലി നല്‍കാറില്ലെന്നും തന്റെ ബൗളിങ് യൂണിറ്റിന് എല്ലാ പിന്തുണയും സ്വാതന്ത്ര്യവും കോലി നല്‍കാറുണ്ടെന്നും ഷമി പറയുന്നു. 

'ഞങ്ങളുടെ പ്ലാന്‍ പരാജയപ്പെടുമ്പോള്‍ മാത്രമാണ് കോലി ഇടപെടുക. ക്യാപ്റ്റനെ സമീപിക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കും എന്ന് ചിലപ്പോള്‍ ബൗളര്‍മാര്‍ക്ക് സംശയമുണ്ടാകും. എന്നാല്‍ അത്തരം പ്രശ്‌നങ്ങളൊന്നും കോലിയില്‍ ഇല്ല.

ബാല്യകാല സുഹൃത്താണ് എന്ന രീതിയിലാണ് കോലി സംസാരിക്കുക. ചിരിച്ച് തമാശകള്‍ പറയും. ചില സമയങ്ങളില്‍ കാര്‍ക്കശ്യത്തോടെ സംസാരിക്കാറുണ്ട്. എന്നാല്‍ അത് അപ്പോഴത്തെ സാഹചര്യത്തില്‍ സംസാരിക്കുന്നതാണ്. രാജ്യത്തിന് വേണ്ടി കഠിനധ്വാനം ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള സംസാരങ്ങളുണ്ടാകും. എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും പിഴവുണ്ടെങ്കില്‍ എന്നോടുവന്ന് പറയാം. ഞാന്‍ അത് അംഗീകരിക്കും.' ഷമി വ്യക്തമാക്കുന്നു. ക്രിക്ക്ബസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷമി.

Content Highlights: Mohammed Shami Opens up on Kohlis Captaincy