ലക്‌നൗ: കുടുംബ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ അലട്ടാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. മുന്‍ ഭാര്യ ഹസിന്‍ ജഹാനുമായുള്ള പ്രശനങ്ങള്‍ താരത്തെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിലാക്കിയത്. ഒരിക്കല്‍ ബബി.സി.സി.ഐ കരാറില്‍ നിന്ന് പുറത്താകുന്നതുവരെയെത്തി കാര്യങ്ങള്‍. കഴിഞ്ഞ ദിവസം ഹസിന്‍ ജഹാന്‍, ഷമിയുമൊത്തുള്ള ഒരു 'ചൂടന്‍' ചിത്രവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ കാര്യങ്ങള്‍ വീണ്ടും തലപൊക്കി.

എന്നാല്‍ ഇത്തരം വിവാദങ്ങളോടെല്ലാം ബൈ... ബൈ... പറഞ്ഞ് ഷമി ഇപ്പോള്‍ കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് ദുരിതത്തിലായ അതിഥി തൊഴിലാളികള്‍ക്കും മറ്റും സഹായമെത്തിക്കുന്ന തിരക്കിലാണ്. നാട്ടിലേക്ക് പോകുന്നവരും ഇവിടെ കുടുങ്ങിയവരുമായ ആളുകള്‍ക്ക് ഭക്ഷണ പൊതികളും, മാസ്‌കുകളും വിതരണം ചെയ്യുന്ന ഷമിയുടെ വീഡിയോ ബി.സി.സി.ഐ പങ്കുവെച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ സഹസ്പുരില്‍ തന്റെ വീടിനടുത്തുള്ള ദേശീയ പാതയില്‍ കൂടി കടന്നു പോകുന്നവര്‍ക്കായി ഭക്ഷണവും മറ്റും ലഭ്യമാക്കാന്‍ താരം പ്രത്യേത സെന്ററുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.

ദേശീയ പാതയില്‍ കൂടി ബസിലും മറ്റും കടന്നുപോകുന്നവര്‍ക്ക് ഷമി പഴങ്ങളും മാസ്‌ക്കുകളും വിതരണം ചെയ്യുന്നത് വീഡിയോയില്‍ കാണാം.

Mohammed Shami distributes food and water to migrants BCCI posted a video

ചൂടന്‍ ചിത്രവുമായി ഹസിന്‍

കഴിഞ്ഞ ദിവസമാണ് മുഹമ്മദ് ഷമിക്കൊപ്പമുള്ള ചൂടന്‍ ചിത്രം ഹസിന്‍ ജഹാന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. 'ഒന്നുമല്ലാതിരുന്ന കാലത്ത് ഞാന്‍ നിങ്ങള്‍ക്ക് പരിശുദ്ധയും സല്‍സ്വഭാവിയുമായിരുന്നു. ഇപ്പോള്‍ നിങ്ങള്‍ എന്തൊക്കെയൊ ആയപ്പോള്‍ ഞാന്‍ അശുദ്ധയായി. കളവിന്റെ മറ കൊണ്ട് സത്യത്തെ മൂടിവയ്ക്കാനാകില്ല', എന്ന കുറിപ്പോടെയാണ് ഹസിന്‍ ചിത്രം പോസ്റ്റ് ചെയ്തത്. ഇത് വൈകാതെ വൈറലാകുകയും ചെയ്തു.

നേരത്തെ പലതവണ ഷമിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഹസിന്‍ രംഗത്തെത്തിയിരുന്നു. ഷമിക്കെതിരേ ഗാര്‍ഹിക പീഡന കുറ്റവും പരസ്ത്രീ ബന്ധവും ഒത്തുകളിയാരോപണങ്ങളുമെല്ലാം ഉണ്ടായിരുന്നു അക്കൂട്ടത്തില്‍. വ്യക്തി ജീവിതത്തിലെ താളപ്പിഴകള്‍ കാരണം താന്‍ ആത്മഹത്യയെ കുറിച്ചുപോലും ചിന്തിച്ചിട്ടുണ്ടെന്ന് അടുത്തിടെയാണ് ഷമി വെളിപ്പെടുത്തിയത്. 2014-ലാണ് തന്നേക്കാള്‍ 10 വയസിന് മുതിര്‍ന്ന ഹസിന്‍ ജഹാനെ ഷമി വിവാഹം ചെയ്യുന്നത്. 2018 മുതല്‍ ഇരുവരും പിരിഞ്ഞാണ് താമസം. 2019 ബന്ധം വേര്‍പെടുത്തുകയും ചെയ്തു.

Content Highlights: Mohammed Shami distributes food and water to migrants BCCI posted a video