Photo: ANI, AP
അഹമ്മദാബാദ്: ഇന്ദോറിലെ അപ്രതീക്ഷിത തോല്‍വി മറന്ന് ഓസ്‌ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിനായുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. സ്പിന്നര്‍മാരെ അമിതമായി പിന്തുണച്ച ഇന്ദോറിലെ പിച്ചില്‍ നേഥന്‍ ലയണടക്കമുള്ള ഓസീസ് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ കളിമറന്നു. ഒമ്പത് വിക്കറ്റ് ജയത്തോടെ ഓസീസ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടി.
അഹമ്മദാബാദില്‍ ഇന്ത്യ ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. മറിച്ചായാല്‍ ശ്രീലങ്ക - ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പരയുടെ ഫലത്തിനായി കാത്തിരിക്കണം. അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യ തോല്‍ക്കുകയും ന്യൂസീലന്‍ഡിനെതിരായ പരമ്പര ലങ്ക തൂത്തുവാരുകയും (2-0) ചെയ്താല്‍ ഓസീസിനൊപ്പം ശ്രീലങ്ക ഫൈനലിന് യോഗ്യത നേടും. അതിനാല്‍ നാലാം ടെസ്റ്റ് ജയിച്ച് ഫൈനല്‍ ഉറപ്പിക്കാന്‍ തന്നെ കച്ചകെട്ടിയാകും ഇന്ത്യ ഇറങ്ങുക.
ഇന്ദോര്‍ ടെസ്റ്റില്‍ നിന്ന് ഏതാനും മാറ്റങ്ങളോടെയാകും അഹമ്മദാബാദില്‍ ഇന്ത്യ ഇറങ്ങുക.
ഷമി തിരിച്ചെത്തും
പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റില്‍ വിശ്രമം അനുവദിച്ച മുഹമ്മദ് ഷമി അഹമ്മദാബാദ് ടെസ്റ്റിനുള്ള ടീമില്‍ ഇടംപിടിക്കും. സമീപകാലത്ത് ഏല്ലാ ഫോര്‍മാറ്റിലും ഇന്ത്യയ്ക്കായി പന്തെറിയുന്ന മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ച് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. മൂന്നാം ടെസ്റ്റില്‍ തിളങ്ങിയ ഉമേഷ് യാദവ് സ്ഥാനം നിലനിര്‍ത്തിയേക്കും. ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് ഏഴു വിക്കറ്റുകള്‍ ഷമി നേടി.
ഭരതിന് പകരം ഇഷാന്‍
മൂന്ന് ടെസ്റ്റിലും അവസരം ലഭിച്ചിട്ടും കാര്യമായി തിളങ്ങാന്‍ സാധിക്കാത്ത വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എസ് ഭരതിന് പകരം ഇഷാന്‍ കിഷന്‍ ടെസ്റ്റില്‍ അരങ്ങേറാനാണ് സാധ്യത. വിക്കറ്റിനു പിന്നില്‍ താരതമ്യേന ഭേദപ്പെട്ട പ്രകടനമായിരുന്നു ഭരതിന്റേതെങ്കിലും ബാറ്റിങ്ങില്‍ കാര്യമായ സംഭാവനകള്‍ ഭരതില്‍ നിന്നുണ്ടായിരുന്നില്ല. ബാറ്റര്‍മാര്‍ക്ക് പൊതുവെ കാര്യമായ പ്രകടനം നടത്താന്‍ സാധിക്കാതിരുന്ന പരമ്പരയായിരുന്നു ഇതെന്ന കാര്യം മറക്കുന്നില്ല. എങ്കിലും ഇഷാന്‍ കിഷന് ടെസ്റ്റ് അരങ്ങേറ്റത്തിനുള്ള അവസരം ലഭിക്കാനാണ് സാധ്യത. ഇടംകൈയന്‍ ബാറ്ററാണെന്നത് ഇഷാന് മുന്‍തൂക്കം നല്‍കുന്ന ഘടകമാണ്.
ഗില്‍ തുടരും
മോശം ഫോം കാരണം ഇന്ദോര്‍ ടെസ്റ്റില്‍ നിന്ന് മാറ്റിനിര്‍ത്തിയ കെ.എല്‍ രാഹുല്‍, അഹമ്മദാബാദ് ടെസ്റ്റിലും പുറത്തിരിക്കും. രാഹുലിന് പകരമെത്തിയ ശുഭ്മാന്‍ ഗില്ലിന് ആദ്യ മത്സരത്തില്‍ തിളങ്ങാനായില്ലെങ്കിലും താരത്തിന് ടീം മാനേജ്‌മെന്റ് വീണ്ടും അവസരം നല്‍കും.
മാറ്റമുണ്ടാകില്ല ഓസീസിന്
ആദ്യ രണ്ട് ടെസ്റ്റുകളിലെ നിരാശയ്ക്ക് ശേഷം മൂന്നാം ടെസ്റ്റില്‍ വിജയം നേടി ഓസ്‌ട്രേലിയ അതേ ടീമിനെ തന്നെ നാലാം ടെസ്റ്റിലും നിലനിര്‍ത്തിയേക്കും. പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്ത് തന്നെയാണ് ടീമിനെ നയിക്കുക.
ഇന്ത്യ പ്ലെയിങ് ഇലവന്‍: ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ചേതേശ്വര്‍ പുജാര, വിരാട് കോലി, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി.
ഓസ്‌ട്രേലിയ പ്ലെയിങ് ഇലവന്‍: ഉസ്മാന്‍ ഖവാജ, ട്രാവിസ് ഹെഡ്, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, അലക്സ് കാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, നേഥന്‍ ലയണ്‍, ടോഡ് മര്‍ഫി, മാത്യു കുനെമാന്‍.
Content Highlights: Mohammed Shami and Ishan Kishan may included in the Ahmedabad Test
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..