കാബുള്‍: അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനിസ്താനെ ഓള്‍റൗണ്ടര്‍ മുഹമ്മദ് നബി നയിക്കും. റാഷിദ് ഖാന്‍ നായകസ്ഥാനം ഒഴിഞ്ഞതോടെയാണ് മുഹമ്മദ് നബിയ്ക്ക് നറുക്കുവീണത്. 

ട്വന്റി 20 ലോകകപ്പിന് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ച ടീമില്‍ റാഷിദ് അതൃപ്തി പ്രകടിപ്പിക്കുകയും പിന്നാലെ രാജി സമര്‍പ്പിക്കുകയുമായിരുന്നു. യു.എ.ഇയിലും ഒമാനിലുമായാണ് ട്വന്റി 20 ലോകകപ്പ് നടക്കുക. ബി.സി.സി.ഐ ആണ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 

നായകനായതില്‍ അഭിമാനമുണ്ടെന്നും ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുമെന്നും നബി പറഞ്ഞു. ' അഫ്ഗാനിസ്താനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ ഘട്ടമാണിത്. ഈ സമയത്ത് ക്രിക്കറ്റ് ബോര്‍ഡ് എന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ണ മനസ്സോടെ ഞാന്‍ സ്വീകരിക്കുന്നു. ട്വന്റി 20 ലോകകപ്പില്‍ അഫ്ഗാനിസ്താന്‍ മികച്ച പ്രകടനം പുറത്തെടുക്കും'- നബി വ്യക്തമാക്കി.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് ഷഹ്‌സാദ് ഉള്‍പ്പെടെ നിരവധി സീനിയര്‍ താരങ്ങളെ ടീമിലേക്ക് ക്രിക്കറ്റ് ബോര്‍ഡ് തിരിച്ചുവിളിച്ചിട്ടുണ്ട്. അഫ്‌സര്‍ സസായി, ഫാരിദ് അഹമ്മദ് മാലിക് തുടങ്ങിയവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്. 

Content Highlights: Mohammad Nabi set to lead Afghanistan in T20 World Cup after Rashid Khan steps down as skipper