ലഖ്നൗ: ലോകക്രിക്കറ്റിലെ മികച്ച ഫീൽഡർമാരിൽ ഒരാളാണ് ഇന്ത്യൻ താരമായിരുന്ന മുഹമ്മദ് കൈഫ്. ഇന്ത്യയുടെ ജോണ്ടി റോഡ്സ് എന്ന് അറിയപ്പെട്ടിരുന്ന കൈഫ് പല മത്സരങ്ങളിലും നിർണായക ക്യാച്ചുകളെടുത്തു. അസ്ഹറുദ്ദീനും റോബിൻ സിങ്ങിനും അജയ് ജഡേജയ്ക്കും ശേഷം ഇന്ത്യൻ ഫീൽഡിങ്ങിന്റെ നട്ടെല്ലായിരുന്നു ഈ ഉത്തർ പ്രദേശുകാരൻ. എന്നാൽ ഒരു ഘട്ടത്തിൽ ഫോം നഷ്ടമായി കൈഫ് ടീമിൽ നിന്ന് പുറത്തായി.

കൈഫിന്റെ മികച്ച ഫീൽഡിങ്ങുകൾക്ക് നാം പലതവണ സാക്ഷിയായിട്ടുണ്ട്. എന്നാൽ 2004-ൽ പാകിസ്താൻ പര്യടനത്തിലെ ക്യാച്ച് ക്രിക്കറ്റ് പ്രേമികൾക്ക് എക്കാലവും പ്രിയപ്പെട്ടതാണ്. പാക് താരം ഷുഐബ് മാലിക്കിന്റെ ഷോട്ട് ദൂരെനിന്നും ഓടിവന്ന് പറന്നുവീണാണ് കൈഫ് കൈപ്പിടിയിലൊതുക്കിയത്. കാണികളെല്ലാം അമ്പരപ്പോടെ ആ ക്യാച്ച് നോക്കിനിന്നു. അന്ന് ആ പന്ത് പിടിക്കാനായി കൈഫിനൊപ്പം ഹേമങ് ബദാനിയും ഓടിവന്നിരുന്നു. എന്നാൽ ബദാനിയെ മറികടന്ന് കൈഫ് പന്ത് വിദഗ്ദ്ധമായി ക്യാച്ച് ചെയ്യുകയായിരുന്നു. അന്ന് ബദാനിയുടെ തലയിൽ കൈഫിന്റെ കാൽ ഇടിക്കേണ്ടതായിരുന്നു. ഭാഗ്യത്തിനാണ് ബദാനി പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

വർഷങ്ങൾക്കുശേഷം ആ ക്യാച്ചിന്റെ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് കൈഫ്. ആ ക്യാച്ചിന്റെ വീഡിയോ ട്വീറ്റ് ചെയ്ത കൈഫ് ബദാനിയോട് ക്ഷമാപണം നടത്തുകയും ചെയ്തു. 'യുവത്വത്തിന്റെ നിർഭയത്വം അസാധ്യമായതിനെ ഇരുകൈകളും കൊണ്ട് പിന്തുടർന്ന് പിടിക്കുന്നതിലേക്ക് നയിക്കുന്നു.' വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ കൈഫ് പറയുന്നു.