മുംബൈ: എം.എസ് ധോനിയെന്ന ബാറ്റ്‌സ്മാന്റെ കരുത്ത് ആദ്യമായി ക്രിക്കറ്റ് ലോകം കണ്ട 2005-ലെ പാകിസ്താനെതിരായ മത്സരത്തിലെ ഓര്‍മകള്‍ പങ്കുവെച്ച് അന്ന് സഹതാരമായിരുന്ന മുഹമ്മദ് കൈഫ്.
അതുവരെ ആരും അത്തരത്തില്‍ ബാറ്റു ചെയ്യുന്നത് കണ്ടിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ കൈഫ് പറഞ്ഞു. 2005, ഏപ്രില്‍ അഞ്ചിന് വിശാഖപട്ടണത്തെ വൈ.എസ് രാജശേഖര റെഡ്ഡി സ്റ്റേഡിയത്തിലാണ് ധോനി തന്റെ വിശ്വരൂപം പുറത്തെടുത്തത്. അന്ന് ധോനിയെ മൂന്നാം നമ്പറില്‍ ഇറക്കാനുള്ള തീരുമാനം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടേതായിരുന്നു.
അന്ന് ഒടുവില്‍ മുഹമ്മദ് ഹഫീസ് എറിഞ്ഞ 42-ാം ഓവറിലെ രണ്ടാം പന്തില്‍ പുറത്താകുമ്പോള്‍ 123 പന്തില്‍ നിന്ന് 15 ഫോറും നാല് കൂറ്റന്‍ സിക്സുമടക്കം 148 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു ആ റാഞ്ചിക്കാരന്‍. സെവാഗിനൊപ്പം രണ്ടാം വിക്കറ്റില്‍ 96 റണ്‍സ് കൂട്ടിച്ചേര്‍ത്ത ധോനി പിന്നീട് സെവാഗും ദാദയും പുറത്തായ ശേഷം നാലാം വിക്കറ്റില്‍ ദ്രാവിഡിനൊപ്പം 149 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തി. ധോനിയുടെ വെടിക്കെട്ട് ഇന്നിങ്സിന്റെ മികവില്‍ 356 റണ്‍സ് നേടിയ ഇന്ത്യ പാകിസ്താനെ 58 റണ്‍സിന് പരാജയപ്പെടുത്തുകയും ചെയ്തു.
ധോനി ദേശീയ ടീമിലെത്തും മുമ്പ് അദ്ദേഹത്തിനെതിരേ താന്‍ കളിച്ചിട്ടുണ്ടെന്നും കൈഫ് പറഞ്ഞു. ''ദിയോധര്‍ ട്രോഫിയില്‍ സെന്‍ട്രല്‍ സോണും ഈസ്റ്റ് സോണും തമ്മില്‍ നടന്ന മത്സരത്തിലാണ് ധോനിയെ ആദ്യമായി കാണുന്നത്. അന്ന് ഞാന്‍ സെന്‍ട്രല്‍ സോണിന്റെ ക്യാപ്റ്റനായിരുന്നു. ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നതിന് രണ്ടു വര്‍ഷം മുമ്പായിരുന്നു ആ മത്സരം. അന്ന് ഞങ്ങള്‍ 360 റണ്‍സ് സ്‌കോര്‍ ചെയ്തു. മൂന്നാം നമ്പറില്‍ ബാറ്റിങ്ങിനെത്തിയ ധോനി 40 - 50 പന്തുകളില്‍ നിന്ന് 80 - 85 റണ്‍സെടുത്തു. ധോനിക്ക് എന്തോ പ്രത്യേകതയുള്ളതായി അന്ന് ഞാന്‍ തിരിച്ചറിഞ്ഞു. മാത്രമല്ല മറ്റാര്‍ക്കുമില്ലാത്ത ഒരു ശൈലിയും കളിയെ മനസിലാക്കാനുള്ള നല്ല കഴിവും ധോനിക്കുണ്ടായിരുന്നു'', കൈഫ് പറഞ്ഞു.
2004 ഡിസംബറില്‍ ബംഗ്ലാദേശിനെതിരെയായിരുന്നു ധോനിയുടെ അരങ്ങേറ്റം. അന്ന് ധോനി റണ്ണൗട്ടാകുമ്പോള്‍ മറ്റേ അറ്റത്തുണ്ടായിരുന്നയാള്‍ കൈഫായിരുന്നു. ''ബംഗ്ലാദേശിനെതിരേ ധോനി റണ്ണൗട്ടായപ്പോള്‍ ആര്‍ക്കും അദ്ദേഹത്തിന്റെ ഫിനിഷിങ്, മാച്ച് വിന്നിങ് കഴിവുകളെക്കുറിച്ച് അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ രണ്ടോ മൂന്നോ ഇന്നിങ്‌സുകള്‍ അത്ര നല്ലതായിരുന്നില്ല. എന്നാല്‍ വിശാഖപട്ടണത്ത് പാകിസ്താനെതിരേ അദ്ദേഹത്തിന് ഒരു അവസരം ലഭിച്ചു. ആ ഇന്നിങ്‌സ് വളരെ അടുത്തുനിന്ന് ഞാന്‍ കണ്ടിരുന്നു. ഇയാള്‍ക്ക് ദീര്‍ഘകാലത്തെ ഭാവിയുണ്ടെന്ന് അന്ന് ഞാന്‍ മനസിലാക്കി. കരിയറിന്റെ തുടക്കത്തില്‍ ഒരാള്‍ക്ക് ഇത്തരമൊരു ഇന്നിങ്‌സ് കളിക്കാന്‍ സാധിക്കുക എന്നത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. പന്ത് അടിക്കുന്നതും അപാരമായ കരുത്തില്‍ പന്തിനെ അടിച്ചു തകര്‍ക്കുന്നതും രണ്ടും രണ്ടാണ്. അന്നുവരെ അതുപോലെ ഒരാള്‍ ബാറ്റു ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. ധോനിയെ മൂന്നാം നമ്പറിലേക്ക് പ്രമോട്ട് ചെയ്തത് മികച്ച നീക്കമായിരുന്നു'', കൈഫ് പറഞ്ഞു.
Content Highlights: Mohammad Kaif recalls MS Dhoni’s 148-run knock against Pakistan