ഇന്‍ഡോര്‍: ശ്രീലങ്കക്കെതിരായ രണ്ടാം ടിട്വന്റിയില്‍ രോഹിത് ശര്‍മ്മയുടെ സെഞ്ചറിയായിരുന്നു ഏറ്റവും മനോഹരം. 35 പന്തില്‍ നിന്ന് സെഞ്ചുറിയടിച്ച് ടിട്വന്റിയില്‍ ഏറ്റവും വേഗതയേറിയ സെഞ്ചുറി രോഹിത് സ്വന്തം പേരില്‍ കുറിച്ചു. എന്നാല്‍ രോഹിതിന്റെ ഈ സെഞ്ചുറി നേട്ടം നേരത്തെ തന്നെ ഒരാള്‍ പ്രവചിച്ചിരുന്നു. മറ്റാരുമല്ല, ഇന്ത്യയുടെ മുന്‍താരം മുഹമ്മദ് കൈഫ്‌.

ഇന്ത്യക്കായി കെ.എല്‍ രാഹുലും രോഹിതും ഓപ്പണിങ്ങിനിറങ്ങിയപ്പോള്‍ കൈഫ് തന്റെ ഒരു സുഹൃത്തിനിയച്ച സന്ദേശത്തിലാണ് പ്രവചനം നടത്തിയത്. ഇതിന്റെ വാട്ട്‌സ്ആപ് സ്‌ക്രീന്‍ഷോട്ട് കൈഫ് ട്വീറ്റ് ചെയ്തിട്ടുണ്ട്. 7.21നാണ് മുന്‍ ഇന്ത്യന്‍ താരം സന്ദേശമയച്ചത്. 

ഇന്‍ഡോറിലെ പിച്ച് രോഹിതിന്റെ ബാറ്റിങ് ശൈലിക്ക് യോജിച്ചതാണെന്നും സെഞ്ചുറിയടിക്കുമെന്നും കൈഫ് സന്ദേശത്തില്‍ പറയുന്നു. ഫോറിനേക്കാള്‍ കൂടുതല്‍ സിക്‌സുണ്ടാകുമെന്നും കൈഫ് അയച്ച സന്ദേശത്തിലുണ്ട്. ഇന്ത്യയുടെ ഇന്നിങ്‌സിന്റെ നാലാം ഓവറിലാണ് മെസ്സേജ് അയച്ചതെന്നും കൈഫ് ട്വീറ്റില്‍ പറയുന്നുണ്ട്.