ബാര്‍ബഡോസ്: ടിട്വന്റി ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ്ങ് പ്രകടനവുമായി പാക് താരം. പാക് ബൗളര്‍ മുഹമ്മദ് ഇര്‍ഫാനാണ് ബൗളിങ് പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. കരീബിയന്‍ പ്രീമിയര്‍ ലീഗിലായിരുന്നു ഇര്‍ഫാന്റെ പ്രകടനം.

ഞായറാഴ്ച ബാര്‍ബഡോസ് ട്രൈഡന്റ്സും സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയട്സും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു സംഭവം. നാല് ഓവര്‍ എറിഞ്ഞ ഇര്‍ഫാന്‍ 23 പന്തുകളില്‍ റണ്ണൊന്നും വഴങ്ങിയില്ല. വിട്ടുകൊടുത്തത് ആകെ ഒരു റണ്‍. മൂന്ന് മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞ ഇര്‍ഫാന്‍ രണ്ടു വിക്കറ്റുകളും വീഴ്ത്തി.

എന്നാല്‍ ഇര്‍ഫാന്റെ മികച്ച പ്രകടനത്തിനും ബാര്‍ബഡോസ് ട്രൈഡന്റ്സിന്റെ തോല്‍വി തടയാനായില്ല. ആറു വിക്കറ്റിന് അവര്‍ സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയട്സിനോട് തോറ്റു. ആദ്യം ബാറ്റ് ചെയ്ത ട്രിഡെന്റ്‌സ് നിശ്ചിത 20 ഓവറില്‍ 147 റണ്‍സെടുത്തു. 45 റണ്‍സെടുത്ത നായകന്‍ ജേസണ്‍ ഹോള്‍ഡറായിരുന്നു ട്രിഡെന്റ്‌സിന്റെ ടോപ്പ് സ്‌കോറര്‍. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാട്രിയട്സ് 18.5 ഓവറില്‍ ലക്ഷ്യം കണ്ടു. ഇര്‍ഫാന്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.

Content Highlights: mohammad irfan bowls 23 dot balls most economical spell in t20 history