ജൊഹന്നാസ്ബര്‍ഗ്: ദക്ഷണിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലൂടെ രണ്ട് റെക്കോഡുകള്‍ സ്വന്തമാക്കാനൊരുങ്ങി പാകിസ്താന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ്. ആദ്യ ട്വന്റി 20യില്‍ ടീമില്‍ ഇടം നേടാനായാല്‍ ഹഫീസിന്റെ കരിയറിലെ 100-ാം ട്വന്റി 20 മത്സരമായിരിക്കുമത്.

ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം പാകിസ്താന്‍ താരം എന്ന റെക്കോഡ് ഹഫീസിന് സ്വന്തമാകും. 114 മത്സരങ്ങള്‍ കളിച്ച ഷൊയ്ബ് മാലിക്കാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയ പാക് താരം. 

പാകിസ്താന്‍ ആദ്യമായി കളിച്ച ട്വന്റി 20 മത്സരത്തില്‍ ഹഫീസ് ഇടം നേടിയിരുന്നു. 2006 ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരായ ആ മത്സരത്തില്‍ താരം 46 റണ്‍സെടുത്തു. 

ഇതോടൊപ്പം മറ്റൊരു നേട്ടവും ഹഫീസിനെ കാത്തിരിപ്പുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ  മത്സരത്തില്‍ വെറും 13 റണ്‍സ് നേടാനായാല്‍ പാകിസ്താന് വേണ്ടി ഏറ്റവുമധികം റണ്‍സ് ട്വന്റി 20 യില്‍ നേടിയ താരം എന്ന റെക്കോഡ് ഹഫീസിന് സ്വന്തമാകും. നിലവില്‍ 99 മത്സരങ്ങളില്‍ നിന്നും 2323 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.

116 മത്സരങ്ങളില്‍ നിന്നും 2335 റണ്‍സെടുത്ത മാലിക്കാണ് പട്ടികയില്‍ ഒന്നാമത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് പാകിസ്താന്‍ ട്വന്റി 20 മത്സരങ്ങള്‍ക്കിറങ്ങുന്നത്.

Content Highlights: Mohammad Hafeez eyes twin records in T20Is against South Africa