ഇസ്ലാമാബാദ്: മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനെ പ്രശംസിച്ച് മുൻ പാകിസ്താൻ ക്രിക്കറ്റ് ക്യാപ്റ്റൻ റാഷിദ് ലത്തീഫ്.

സൗരവ് ഗാംഗുലിയടക്കമുള്ളവരിൽ നേതൃഗുണം വളർത്തിയതിന്റെ ബഹുമതി അസ്ഹറുദ്ദീന് അവകാശപ്പെട്ടതാണെന്ന് റാഷിദ് പറഞ്ഞു. പിന്നീട് ധോനിയടക്കമുള്ള മികച്ച ക്യാപ്റ്റൻമാരെ ടീം ഇന്ത്യയ്ക്ക് ലഭിക്കാൻ സഹായകകമായതും അസ്ഹറുദ്ദീൻ തുടങ്ങിവെച്ച സംസ്കാരമാണെന്നും റാഷിദ് കൂട്ടിച്ചേർത്തു.

അസ്ഹറുദ്ദീൻ തുടങ്ങിവെച്ച സംസ്കാരമാണ് ധോനിയും ഇപ്പോൾ കോലിയുമെല്ലാം പിന്തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച എം.എസ് ധോനിയെ കുറിച്ച് ഒരു യൂട്യൂബ് ഷോയിൽ സംസാരിക്കവെയാണ് റാഷിദ് ലത്തീഫ് അസ്ഹറുദ്ദീനെ കുറിച്ച് വാചാലനായത്.

''മുഹമ്മദ് അസ്ഹറുദ്ദീനെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു. ദീർഘകാലം ഇന്ത്യൻ ക്രിക്കറ്റിനെ സേവിച്ചയാളാണ് അദ്ദേഹം. ഗാംഗുലിയെ ക്യാപ്റ്റനാക്കി വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത് അസ്ഹറുദ്ദീനാണ്. ഇതിഹാസങ്ങളായ സച്ചിനും ദ്രാവിഡുമടക്കമുള്ളവർ ഗാംഗുലിക്ക് കീഴിൽ കളിച്ചവരാണ്.'' - റാഷിദ് പറഞ്ഞു.

അസ്ഹറുദ്ദീർ ക്യാപ്റ്റനായിരിക്കെയാണ് ഗാംഗുലി ഇന്ത്യയ്ക്കായി ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റം കുറിക്കുന്നത്. അസ്ഹറുദ്ദീന് കീഴിൽ 12 ടെസ്റ്റും 53 ഏകദിനങ്ങളുമടക്കം 65 മത്സരങ്ങൾ ഗാംഗുലി കളിച്ചിട്ടുണ്ട്.

ഇന്ത്യൻ ക്രിക്കറ്റിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ക്യാപ്റ്റനായിരുന്നു അസ്ഹറുദ്ദീൻ എന്ന് അഭിപ്രായപ്പെട്ട റാഷിദ് ഒത്തുകളി ആരോപണത്തെ തുടർന്ന് കരിയർ അവസാനിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ ഇതിഹാസ താരങ്ങളുടെ പട്ടികയിൽ അദ്ദേഹത്തിന്റെ പേരും ഉൾപ്പെടുമായിരുന്നുവെന്നും കൂട്ടിച്ചേർത്തു.

ഗാംഗുലി അസ്ഹറുദ്ദീന്റെ പാത പിന്തുടർന്നപ്പോൾ ധോനി ഇവർ രണ്ടുപേരുടെയും ശൈലി ആധുനിക ക്രിക്കറ്റിനനുസരിച്ച് സ്വന്തം ശൈലിയിലേക്ക് കൊണ്ടുവന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: Mohammad Azharuddin made Sourav Ganguly as leader Rashid Latif