ഇസ്ലാമാബാദ്: പാകിസ്താന്‍ പേസര്‍ മുഹമ്മദ് ആമിര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തന്നെ ദേശീയ ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് ആമിര്‍ വ്യക്തമാക്കിയതിനു പിന്നാലെ താരം വിരമിച്ചതായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു.
ടീം മാനേജ്‌മെന്റ് കാരണം കടുത്ത മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നതായി ആമിര്‍ പറയുന്ന ഒരു വീഡിയോ പാകിസ്താന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഷുഐബ് ജാട്ട് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.
നേരത്തെ 2019 ജൂണില്‍ താരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിക്കാത്തതില്‍ താരം അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സമാപിച്ച ലങ്ക പ്രീമിയര്‍ ലീഗില്‍ (എല്‍.പി.എല്‍) മികച്ച പ്രകടനവുമായി ആമിര്‍ ശ്രദ്ധ നേടിയിരുന്നു.
നിലവിലെ ടീം മാനേജ്‌മെന്റിനു കീഴില്‍ ഇനി കളിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ തനിക്കില്ലെന്ന് പറഞ്ഞ ആമിര്‍ ക്രിക്കറ്റ് മതിയാക്കാനുള്ള ഉചിതമായ സമയം ഇതാണെന്ന് കരുതുന്നതായും വ്യക്തമാക്കിയിരുന്നു.
2009-ല്‍ 17-ാം വയസിലാണ് ആമിര്‍ പാക് ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഇടയ്ക്ക് ഒത്തുകളി വിവാദത്തില്‍പ്പെട്ട് അഞ്ചു വര്‍ഷത്തോളം വിലക്ക് ലഭിക്കുകയും ചെയ്തു.
കരിയറില്‍ 61 ഏകദിനങ്ങളില്‍നിന്ന് 81 വിക്കറ്റും ട്വന്റി 20-യില്‍ 50 മത്സരങ്ങളില്‍ നിന്ന് 59 വിക്കറ്റും 36 ടെസ്റ്റുകളില്‍ നിന്ന് 119 വിക്കറ്റുകളും നേടിയിട്ടുണ്ട്.
Content Highlights: Mohammad Amir retires from international cricket