സംഭവബഹുലമായ ഒരു കരിയറിനൊടുവിൽ പാകിസ്താന്റെ ഇടങ്കയ്യൻ പേസ് ബൗളർ മുഹമ്മദ് ആമിർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. വാർത്താക്കുറിപ്പിലൂടെ പാകിസ്താൻ ക്രിക്കറ്റ് ബോർഡാണ് ഇക്കാര്യം അറിയിച്ചത്. ടെസ്റ്റിൽ നിന്ന് വിരമിച്ചെങ്കിലും ഏകദിനങ്ങളിൽ തുടർന്നും കളിക്കുമെന്ന് ആമിർ പറഞ്ഞു.
ഈ വർഷം ആദ്യം ജൊഹനാസ്ബർഗിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേയായിരുന്നു ആമിറിന്റെ അവസാന ടെസ്റ്റ് ഇന്നിങ്സ്.
36 ടെസ്റ്റ് കളിച്ച ആമിർ 67 ഇന്നിങ്സിൽ നിന്നായി 119 വിക്കറ്റെടുത്തിട്ടുണ്ട്. 44/6 ആണ് ഏറ്റവും മികച്ച പ്രകടനം. നാലു തവണ ഒരു ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തി. 2009ൽ ശ്രീലങ്കയ്ക്കെതിരേയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം.
ഏകദിനത്തിലും ടിട്വന്റിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുവേണ്ടിയാണ് ടെസ്റ്റിൽ നിന്ന് വിരമിക്കുന്നതെന്ന് ആമിർ പറഞ്ഞു. അടുത്ത വർഷം നടക്കുന്ന ടിട്വന്റി ലോകകപ്പിൽ ടീമിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ട്.
വിരമിക്കൽ അത്ര എളുപ്പമുള്ള തീരുമാനമായിരുന്നില്ല. ടെസ്റ്റ് ലോക ചാമ്പ്യൻഷിപ്പ് അടുത്തുവരികയും പാകിസ്താനിൽ ഏതാനും യുവ പേസർമാർ വളർന്നുവരികയും ചെയ്യുന്നതുകൊണ്ട് ഇനി തീരുമാനം വച്ചു താമസിപ്പിക്കേണ്ടെന്നു കരുതി. ഇതുമൂലം സെലക്ടർമാർക്ക് ടീം സെലക്ഷന് വേണ്ടത്ര സമയം ലഭിക്കും-ആമിർ പറഞ്ഞു.
വാതുവെപ്പ് വിവാദത്തെ തുടർന്ന് വിലക്ക് നേരിട്ട് ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്നശേഷം തിരിച്ചുവന്ന ആമിർ
കുറച്ചു കാലമായി ടെസ്റ്റിലും ഏകദിനത്തിലും മികച്ച ഫോമിലായിരുന്നില്ല ആമിർ. ഇതിനെ തുടർന്ന് ലോകകപ്പിനുള്ള പാക് ടീമിൽ അവസാന നിമിഷമാണ് ഇടം നേടിയത്. എങ്കിലും എട്ട് മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകൾ നേടി. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം.