മൊഹാലി: ട്വന്റി-20, ഏകദിന പരമ്പരകള്‍ കൈവിട്ട ടീം ഇന്ത്യക്ക് ദക്ഷിണാഫ്രിക്കക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ചായയ്ക്ക് പിരിയുമ്പോള്‍ ഏഴ് വിക്കറ്റിന് 168 എന്ന നിലയിലാണ്. 26 റണ്‍സുമായി ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും നാല് റണ്ണുമായി രവി അശ്വിനുമാണ് ഇപ്പോള്‍ ക്രീസില്‍.

75 റണ്‍സെടുത്ത മുരളി വിജയ് ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ചേതേശ്വര്‍ പൂജാരയും (31) അജിങ്ക്യ രഹാനെയുമാണ് (15) ഇന്ത്യന്‍ മുന്‍നിരയില്‍ രണ്ടക്കം കടന്ന മറ്റു ബാറ്റ്‌സ്മാന്‍മാര്‍. ക്യാപ്റ്റന്‍ വിരാട് കോലിയും (1) വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയും (0) വേഗം മടങ്ങി. അമിത് മിശ്രയാണ് (6) ഇന്ത്യക്ക് നഷ്ടമായ മറ്റൊരു ബാറ്റ്‌സ്മാന്‍.

വിക്കറ്റ് വീഴ്ത്തിയ ഡീന്‍ എല്‍ഗാറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
വിക്കറ്റ് വീഴ്ത്തിയ ഡീന്‍ എല്‍ഗാറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു. ഫോട്ടോ: ബിസിസിഐ.

 

22 റണ്‍ വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ലെഫ്റ്റ് ആം സ്പിന്നര്‍ ഡീന്‍ എല്‍ഗാറാണ് ഇന്ത്യന്‍ നിരയില്‍ നാശം വിതച്ചത്. ഫിലാന്‍ഡര്‍, ഹാര്‍മര്‍, റബാഡ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.