മൊഹാലി: മൊഹാലി ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 68 ഓവറില്‍ 201 റണ്‍സിന് ഓള്‍ ഔട്ടായി. ഇടംകൈയന്‍ സ്പിന്നിലൂടെ നാല് വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ഡീന്‍ എഡ്ഗാറാണ് ഇന്ത്യയെ കുഴക്കിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയും ഇന്ത്യയുടെ സ്പിന്‍ കരുത്തിനു മുന്നില്‍ പതറുകയാണ്. ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോള്‍ 20 ഓവറില്‍ രണ്ട് വിക്കറ്റിന് 28 എന്ന നിലയിലാണ് സന്ദര്‍ശകര്‍. ഓപ്പണര്‍ വാന്‍സിലിനെ (5) അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ഡുപ്ലസിയുടെ സ്റ്റമ്പ് ജഡേജ തെറിപ്പിക്കുകയായിരുന്നു. ഡീന്‍ എഡ്ഗാറും (13), ഹാഷിം ആംലയുമാണ് (9) ഇപ്പോള്‍ ക്രീസില്‍.

അക്കൗണ്ട് തുറക്കും മുമ്പേ ഓപ്പണര്‍ ശിഖര്‍ ധവാനെ നഷ്ടമായ ഇന്ത്യയെ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. 75 റണ്‍സെടുത്ത മുരളി വിജയ്ക്ക് മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കുമേല്‍ ആധിപത്യം പുലര്‍ത്താനായത്. 136 പന്തില്‍ 12 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു വിജയുടെ ഇന്നിങ്‌സ്. ചേതേശ്വര്‍ പൂജാരയ്‌ക്കൊപ്പം (31) രണ്ടാം വിക്കറ്റില്‍ വിജയ് പടുത്തുയര്‍ത്തിയ 63 റണ്‍സാണ് ഇന്ത്യയുടെ മികച്ച കൂട്ടുകെട്ട്. 

Jadeja

മധ്യനിരയില്‍ രവീന്ദ്ര ജഡേജയും (38) രവി അശ്വിനും (20*) നടത്തിയ പോരാട്ടമാണ് ഇന്ത്യന്‍ സ്‌കോര്‍ ഇരുന്നൂറില്‍ എത്തിച്ചത്. ആറാം വിക്കറ്റില്‍ വിജയ്-ജഡേജ സഖ്യം 38 റണ്‍സും എട്ടാം വിക്കറ്റില്‍ ജഡേജ-അശ്വിന്‍ സഖ്യം 42 റണ്‍സും ഇന്ത്യന്‍ സ്‌കോറിനോട് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ മുന്‍നിരയില്‍ ധവാന്‍ (0), കോലി (1), രഹാനെ (15), വൃദ്ധിമാന്‍ സാഹ (0) എന്നിവര്‍ക്കൊന്നും പിടിച്ചുനില്‍ക്കാനാകാതെ പോയതാണ് ഇന്ത്യന്‍ പതനം വേഗത്തിലാക്കിയത്. മിശ്ര (6), ഉമേഷ് യാദവ് (5), വരുണ്‍ ആരോണ്‍ (0) എന്നിങ്ങനെയാണ് മറ്റു ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍.

എട്ടോവറില്‍ 22 റണ്‍സ് വഴങ്ങിയാണ് ഓപ്പണിങ് ബാറ്റ്‌സ്മാന്‍ കുടിയായ ഡീന്‍ എഡ്ഗാര്‍ നാല് വിക്കറ്റ് വീഴ്ത്തിയത്. ഇമ്രാന്‍ താഹിറും ഫിലാന്‍ഡറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സിമോണ്‍ ഹാര്‍മര്‍ക്കും റബാഡയ്ക്കും ഓരോ വിക്കറ്റുണ്ട്.