രങ്ങേറ്റ മത്സരത്തില്‍ തന്നെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ പതിനെട്ടുകാരനായ ബംഗ്ലാദേശ് സ്പിന്നര്‍ മെഹ്ദി ഹസ്സന്റെ പ്രകടനത്തോടൊപ്പം തന്നെ ചിറ്റഗോങ് ടെസ്റ്റില്‍ കാണികളെ അമ്പരപ്പിച്ചത് ഇംഗ്ലണ്ടിന്റെ ബാറ്റ്‌സ്മാന്‍ മോയിന്‍ അലിയാണ്.

ആദ്യ ഇന്നിങ്‌സില്‍ 293 റണ്‍സിന് പുറത്തായ ഇംഗ്ലണ്ടിന് അല്‍പമെങ്കിലും ജീവന്‍ നല്‍കിയത് 68 റണ്‍സെടുത്ത മോയിന്‍ അലിയുടെ പ്രകടനമാണ്. അതിലും രസകരമായ കാര്യം 170 പന്തില്‍ 68 റണ്‍സെടുക്കുന്നതിനിടയില്‍ മോയിന്‍ അലി അഞ്ച് എല്‍.ബി.ഡബ്ല്യു അപ്പീലുകള്‍ അതിജീവിച്ചു എന്നതാണ്.
 
അഞ്ച് എല്‍.ബി.ഡബ്ല്യു അപ്പീലുകള്‍ വന്നത് ഇങ്ങനെ

23.4 ഓവര്‍: 
ഇടങ്കയ്യന്‍ സ്പിന്നറായ തൈജുല്‍ ഇസ്ലാമിന്റെ പന്തില്‍ മുന്നോട്ടാഞ്ഞ മോയിന് ഇത്തവണയും തെറ്റി. അമ്പയര്‍ ക്രിസ് ഗഫേനി ഔട്ട് അനുവദിക്കാതിരുന്നതോടെ ബംഗ്ലാദേശാണ് റിവ്യൂ നല്‍കിയത്. പക്ഷേ ക്രിസ് ഗഫേനിയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു റിവ്യൂ.

 26.5 ഓവര്‍:
ഈ സമയത്ത് മോയിന്‍ അലി 16 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു. ഷാക്കീബുല്‍ ഹസ്സന്റെ പന്തില്‍ സ്വീപ് ഷോട്ടിന് ശ്രമിച്ച മോയിന്‍ അലിക്ക് ലക്ഷ്യം തെറ്റുകയായിരുന്നു. പന്ത് പാഡില്‍ കൊണ്ടതോടെ അമ്പയര്‍ ധരമ്മസേന ഔട്ട് വിധിച്ചു. എന്നാല്‍ തീരുമാനം മൂന്നാം അമ്പയറിന് നല്‍കിയ മോയിന്‍ അലിയുടെ തീരുമാനം ശരിയായി. ബാറ്റില്‍ ചെറിയ തോതില്‍ പന്ത് സ്പര്‍ശിച്ചിട്ടുണ്ടെന്ന് മൂന്നാം അമ്പയര്‍ സുന്ദരം രവിക്ക് മനസ്സിലായി. അങ്ങനെ മോയിന്‍ അലി രക്ഷപ്പെട്ടു.

28.2 ഓവര്‍:
ഒരിക്കല്‍ കൂടി ഷാക്കീബുല്‍ ഹസ്സന്റെ പന്തില്‍ മോയിന്‍ അലി പരീക്ഷിക്കപ്പെട്ടു. നേരത്തെയുള്ള സ്‌കോറിലേക്ക് ഒരു റണ്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടയലായിരുന്നു ഇത്. പന്ത് ലെഗ് സ്റ്റമ്പിന് അല്‍പം വൈഡായിരുന്നുവെന്ന് റിവ്യൂവില്‍ മനസ്സിലായി.

28.4 ഓവര്‍:
രണ്ട് പന്തുകള്‍ക്ക് ശേഷം ഒരിക്കല്‍ കൂടി ധര്‍മ്മസേനയുടെ ചൂണ്ടുവിരല്‍ പൊങ്ങി. ഷാക്കീബിന്റെ പന്തില്‍ സ്വീപ് ഷോട്ടിന് ശ്രമിക്കുന്നതിനിടെയാണ് ഇത്തവണയും എല്‍.ബി.ഡബ്ല്യുവിനുള്ള അവസരം വന്നത്. എന്നാല്‍ ഇത്തവണയും ഭാഗ്യം മോയിന്‍ അലിക്കൊപ്പം നിന്നു

47.4 ഓവര്‍:
ഇത്തവണ മെഹ്ദി ഹസ്സന്റെ പന്തില്‍ ഷോട്ടടിക്കാനുള്ള മോയിന്‍ അലിയുടെ ശ്രമം, ബംഗ്ലാദേശിന്റെ റിവ്യൂവില്‍ പന്ത് ലെഗ് സ്റ്റമ്പിന് പുറത്താണ് പിച്ച് ചെയ്‌തെന്ന് വ്യക്തമായി. മോയിന്‍ അലിക്ക് വീണ്ടും ആശ്വാസം.