Photo: twitter.com/ICC
ബ്രിഡ്ജ്ടൗണ്‍: നായകന്‍ മോയിന്‍ അലിയുടെ ഓള്‍റൗണ്ട് മികവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ട്വന്റി 20 മത്സരത്തില്‍ വിജയം നേടി ഇംഗ്ലണ്ട്. വെസ്റ്റ് ഇന്‍ഡീസിനെ 34 റണ്‍സിനാണ് ആതിഥേയർ കീഴടക്കിയത്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെസ്റ്റ് ഇന്‍ഡീസിന് 159 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസിനൊപ്പമെത്തി. ഇരുടീമുകളും രണ്ട് വീതം വിജയം നേടി. അവസാന ട്വന്റി 20 മത്സരത്തില്‍ വിജയിക്കുന്നവര്‍ പരമ്പര നേടും.
63 റണ്‍സെടുക്കുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത മോയിന്‍ അലിയുടെ മികവിലാണ് ഇംഗ്ലണ്ട് വിജയം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. 28 പന്തുകളില്‍ നിന്ന് ഏഴ് സിക്‌സിന്റെയും ഒരു ഫോറിന്റെയും അകമ്പടിയോടെ 63 റണ്‍സെടുത്ത മോയിന്‍ അലിയും 42 പന്തുകളില്‍ നിന്ന് 52 റണ്‍സെടുത്ത ഓപ്പണര്‍ ജേസണ്‍ റോയിയും ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങി. വെസ്റ്റ് ഇന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
194 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെസ്റ്റ് ഇന്‍ഡീസിന് നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ നഷ്ടത്തില്‍ 159 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഓപ്പണര്‍മാരായ കൈല്‍ മേയേഴ്‌സും ബ്രാന്‍ഡണ്‍ കിങ്ങും മികച്ച തുടക്കം നല്‍കിയിട്ടും വിന്‍ഡീസിന് വിജയം നേടാനായില്ല.
23 പന്തുകളില്‍ നിന്ന് 40 റണ്‍സെടുത്ത മേയേഴ്‌സാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. 36 റണ്‍സെടുത്ത ജേസണ്‍ ഹോള്‍ഡറും മികച്ചപ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടിനായി മോയിന്‍ അലി തകര്‍പ്പന്‍ ബൗളിങ് കാഴ്ചവെച്ചു. നാലോവറില്‍ വെറും 28 റണ്‍സ് മാത്രം വഴങ്ങിയാണ് താരം രണ്ടുവിക്കറ്റെടുത്തത്. പരമ്പരയിലെ അവസാന മത്സരം ജനുവരി 31 ന് നടക്കും.
Content Highlights: Moeen Ali's all-round show helps England beat West Indies in 4th T20I, level series 2-2
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..