ലോര്‍ഡ്‌സ്: ടെസ്റ്റ് ക്രിക്കറ്റിന് വേദിയാകുന്നതില്‍ ശതകം പൂര്‍ത്തിയാക്കിയ ഇംഗ്ലണ്ടിലെ ഓവല്‍ സ്‌റ്റേഡിയത്തിന് അര്‍ഹിച്ച വിരുന്ന് തന്നെയാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി ഒരുക്കിയത്. തന്റെ സ്പിന്‍ ബൗളിങ്ങിലൂടെ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരെ കണ്ണടച്ച് തുറക്കും വേഗത്തില്‍ പുറത്താക്കി മോയിന്‍ അലി ലോര്‍ഡ്‌സിന്റെ സെഞ്ചുറി ആഘോഷിച്ചു. ഒപ്പം ഒരുപിടി റെക്കോര്‍ഡുകളും മോയിന്‍ അലിയെന്ന പേരിനൊപ്പം ചേര്‍ന്നു.

ദക്ഷിണാഫ്രിക്കയുടെ ആരാധകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്‌സ്. 492 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക ഇംഗ്ലീഷുകാര്‍ക്ക് മുന്നില്‍ നാടകീയമായി തകര്‍ന്നടിഞ്ഞു. 239 റണ്‍സിന്റെ തോല്‍വിയിലേക്ക്.

മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിന്റെ അഞ്ചാം ദിനം. നാല് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ആ ദിവസം ബാറ്റിങ് തുടങ്ങിയത്. ഉച്ചഭക്ഷണത്തിന് പിരിയും മുമ്പ് മൂന്ന് വിക്കറ്റ് കൂടി ദക്ഷിണാഫ്രിക്ക കളഞ്ഞു. എങ്കിലും സ്‌കോര്‍ 200 കടന്നിരുന്നു. അതിന്റെ ആശ്വാസത്തില്‍ ഭക്ഷണം കഴിഞ്ഞ് ക്രീസിലെത്തിയ പ്രോട്ടിയാസിനെ കാത്തിരുന്നത് മോയിന്‍ അലിയുടെ സ്പിന്‍ മാന്ത്രികതയായിരുന്നു. 

moeen ali

76-ാം ഓവറിലെ അഞ്ചാം പന്തില്‍ സെഞ്ചുറിയടിച്ച ഡീന്‍ എല്‍ഗര്‍ പുറത്ത്. തൊട്ടടുത്ത പന്തില്‍ കഗിസൊ റബാഡയും ക്രീസ് വിട്ടു. 78-ാം ഓവറിലെ ആദ്യ പന്തില്‍ മോണി മോര്‍ക്കല്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെ ദക്ഷിണാഫ്രിക്ക പരാജയം സമ്മതിച്ചു. മോയിന്‍ അലി ഹാട്രികുമായി ഇംഗ്ലണ്ടിന് പരമ്പരയില്‍ അപരാജിത ലീഡ് നല്‍കി.

മോയിന്‍ അലിയുടെ ആ മൂന്നു പന്തിനൊപ്പം പിറന്നത് ഒരുപിടി റെക്കോര്‍ഡുകളാണ്. 115 വര്‍ഷങ്ങള്‍ക്ക് ശേഷം ഹാട്രിക് വിക്കറ്റ് നേട്ടത്തോടെ ഒരു ടെസ്റ്റ് മത്സരം സമാപിച്ചു. 1896ല്‍ പോര്‍ട്ട് എലിസബത്തില്‍ ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക മത്സരത്തില്‍ ലോമാനും 1902ല്‍ മെല്‍ബണില്‍ ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് ടെസ്റ്റില്‍ ട്രമ്പ്‌ളും ഹാട്രിക് നേടിയ ശേഷം ഹാട്രികുമായി ഒരു ടെസ്റ്റ് അവസാനിപ്പിക്കുന്ന താരമായി മോയിന്‍ അലി മാറി.

അതു മാത്രമല്ല, ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഒരിന്നിങ്‌സില്‍ നാല് ഗോള്‍ഡന്‍ ഡക്കുകള്‍ വരുന്നത്. ഇതിന് മുമ്പ് മൂന്ന് ഗോള്‍ഡന്‍ ഡക്ക് നിരവധി ടെസ്റ്റുകളില്‍ വന്നിട്ടുണ്ടെങ്കിലും നാലെണ്ണം ഇതാദ്യമാണ്. മോര്‍ക്കല്‍, റബാഡെ, ഫിലാന്‍ഡെര്‍, ഫാഫ് ഡുപ്ലെസിസ് എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായത്.

ഓവലില്‍ ടെസറ്റ് ഹാട്രിക് നേടുന്ന ആദ്യ ബൗളര്‍, 1938ല്‍ ടോം ഗൊദാര്‍ദിന് ശേഷം ഹാട്രിക് നേടുന്ന ഇംഗ്ലീഷ് സ്പിന്നര്‍ എന്നീ നേട്ടങ്ങളും മോയിന്‍ അലി സ്വന്തം പേരില്‍ കുറിച്ചു. പരമ്പരയിലാകെ 14.72 ശരാശരിയില്‍ 18 വിക്കറ്റുകളാണ് മോയിന്‍ അലി പിഴുതത്.

ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ മികച്ച ഫോമിലാണ് ഇംഗ്ലണ്ട്‌ താരം. ഒരു കലണ്ടര്‍ വര്‍ഷം 1000 ടെസ്റ്റ് റണ്‍സും 30 ടെസ്റ്റ് വിക്കറ്റും നേടുന്ന മൂന്നു താരങ്ങളില്‍ ഒരാളാണ് മോയിന്‍ അലി. ഇയാന്‍ ബോതമും ജാക് കാലിസുമാണ് മറ്റു രണ്ടു പേര്‍. 2000 റണ്‍സും 100 വിക്കറ്റും ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ ഗാരി സോബേഴ്‌സ്, ഇമ്രാന്‍ ഖാന്‍, കപില്‍ ദേവ്, ബോതം എന്നിവരെയെല്ലാം മോയിന്‍ പിന്നിലാക്കി.