ലണ്ടന്‍: മോയിന്‍ അലിയുടെ വെടിക്കെട്ട് സെഞ്ചുറി കരുത്തില്‍ മൂന്നാം ഏകദിനത്തില്‍ വിന്‍ഡീസിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട്. 124 റണ്‍സിനാണ് ഇംഗ്ലണ്ട് വിന്‍ഡീസിനെ തുരത്തിയത്. ഇതോടെ അഞ്ചു ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 2-0ത്തിന് മുന്നിലെത്തി. ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ട് ഏഴു വിക്കറ്റിന് വിജയിച്ചപ്പോള്‍ രണ്ടാം ഏകദിനം റദ്ദു ചെയ്തിരുന്നു. 

ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 370 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസ് 39.1 ഓവറില്‍ 245 റണ്‍സിന് എല്ലാവരും പുറത്തായി. 

ഒരു ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറിയാണ് മോയിന്‍ അലി നേടിയത്. 57 പന്തില്‍ 102 റണ്‍സെടുത്ത ഇംഗ്ലീഷ് താരം ഇന്നിങ്‌സിലെ രണ്ടാമത്തെ അമ്പത് റണ്‍സ് തികച്ചത് വെറും 12 പന്തില്‍ നിന്നാണ്. ആകെ എട്ടു സിക്‌സും ഏഴു ഫോറും മോയിന്‍ അലിയുടെ ഇന്നിങ്‌സില്‍ പിറന്നു. 73 റണ്‍സടിച്ച ബെന്‍ സ്റ്റോക്ക്‌സും 84 റണ്‍സ് നേടിയ ജോ റൂട്ടും മോയിന്‍ അലിക്ക് മികച്ച പിന്തുണ നല്‍കി. വിന്‍ഡീസിന് വേണ്ടി കുമ്മിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് ക്രിസ് ഗെയ്ല്‍ പ്രതീക്ഷ നല്‍കിയെങ്കിലും അതിന് അധികം ആയുസുണ്ടായിരുന്നില്ല. 78 പന്തില്‍ 94 റണ്‍സില്‍ ഗെയ്‌ലിന്റെ പോരാട്ടം അവസാനിച്ചു. ഇംഗ്ലണ്ടിനായി ലിയാം പ്ലങ്കറ്റ് അഞ്ചും ആദില്‍ റഷീദ് മൂന്നും വിക്കറ്റെടുത്തു.