ലണ്ടന്‍: ഓസ്‌ട്രേലിയന്‍ താരത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇംഗ്ലീഷ് ക്രിക്കറ്റ് താരം മോയിന്‍ അലി. 2015-ലെ ആഷസ് പരമ്പരയ്ക്കിടിയല്‍ ഓസ്‌ട്രേലിയന്‍ ടീമംഗം തന്നെ 'ഒസാമ' എന്ന് വിളിച്ച് വംശീയമായി അധിക്ഷേപിച്ചുവെന്നാണ് മോയിന്‍ അലിയുടെ വെളിപ്പെടുത്തല്‍. കാര്‍ഡിഫില്‍ നടന്ന ആദ്യ ടെസ്റ്റിനിടെയായിരുന്നു ഇത്. ബ്രിട്ടീഷ് മാധ്യമമായ 'ദി ടൈംസ്' പരമ്പരയായി പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലാണ് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ആ താരം അങ്ങനെ വിളിച്ചതോടെ കളിയിലുള്ള ശ്രദ്ധ മുഴുവന്‍ നഷ്ടപ്പെട്ടു. ഇത്രയും വിവേചനം ഞാന്‍ അതുവരെ നേരിട്ടിട്ടില്ലായിരുന്നു. എന്നെ വംശീയമായി നിന്ദിച്ചതുപോലെ തോന്നി. അന്നത്തെപ്പോലെ അത്രയും ദേഷ്യത്തോടെ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഞാന്‍ നിന്നിട്ടില്ല. മോയിന്‍ അലി ആത്മകഥയില്‍ പറയുന്നു.

എന്റെ വ്യക്തിഗത മികവിന്റെ അടിസ്ഥാനത്തില്‍ ആദ്യ ടെസ്റ്റ് എന്നെ സംബന്ധിച്ച് മികച്ചതായികുന്നു. ഞാന്‍ മികച്ച ഫോമിലാണ് കളിച്ചത്. പക്ഷേ ഈ സംഭവത്തോടെ എന്റെ ശ്രദ്ധ മുഴുവന്‍ നഷ്ടപ്പെട്ടു. ഒരു ഓസ്‌ട്രേലിയന്‍ താരം എന്റെ അരികില്‍ വന്നിട്ടു പറഞ്ഞു' ഒസാമാ...അതൊന്ന് എടുക്കൂ' എന്ന്. എനിക്ക് ഭയങ്കര ദേഷ്യമാണ് തോന്നിയത്. ഗ്രൗണ്ടില്‍ ഞാന്‍ അതിന് മുമ്പ് അങ്ങനെ ദേഷ്യപ്പെട്ടിട്ടില്ല. അയാള്‍ എന്നെ അങ്ങനെ വിളിച്ച കാര്യം ഞാന്‍ സഹതാരങ്ങളോട് പറഞ്ഞു. ഇക്കാര്യം പിന്നീട് കോച്ച് ട്രെവര്‍ ബെയ്‌ലിസ്‌ ഓസ്‌ട്രേലിയയുടെ കോച്ചായ ഡാരെന്‍ ലേമാന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടാകണം. ആ താരത്തോട് എന്നെ അങ്ങനെ വിളിച്ചോ എന്ന് ലേമാന്‍ ചോദിച്ചു. പക്ഷേ അയാള്‍ അത് നിഷേധിക്കുകയാണ് ചെയ്തത്. 'പാര്‍ട്ട്‌ ടൈമര്‍ (part-timer), അതെടുക്കൂ' എന്നാണ് താന്‍ പറഞ്ഞതെന്നും അയാള്‍ ലേമാനെ ധരിപ്പിച്ചു. 

പാര്‍ട്ട് ടൈമര്‍ എന്ന വാക്കും ഒസാമ എന്ന വാക്കും തമ്മില്‍ എന്തുമാത്രം വ്യത്യാസമുണ്ട്. ഇങ്ങനെയുള്ള  വാക്ക് ഞാന്‍ എങ്ങനെ തെറ്റായി കേള്‍ക്കും. ഇക്കാര്യത്തില്‍ എനിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് ഉറപ്പാണ്. എന്നാല്‍ ഇംഗ്ലണ്ടിന്റെ വിജയത്തിന് ശേഷം കാര്‍ഡിഫുകാരുടെ പ്രതികരണം കണ്ടപ്പോള്‍ എനിക്ക് ആശ്വാസമായി. ആ ഓസ്‌ട്രേലിയന്‍ താരം അവരില്‍ ആരേയും പ്രതിനിധീകരിക്കുന്നില്ല എന്ന് ഞാന്‍ തിരിച്ചിറഞ്ഞു. മോയിന്‍ അലി പറയുന്നു.

ഓഫ് സ്പിന്നറും ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനുമായ മോയിന്‍ അലി ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിട്ട സ്റ്റീവ് സ്മിത്തിനോടും ഡേവിഡ് വാര്‍ണറോടും കാമറോണ്‍ ബാന്‍ക്രോഫ്റ്റിനോടും തനിക്ക് യാതൊരു സഹതാപവും തോന്നിയിട്ടിലെന്നും മോയിന്‍ അലി നേരത്തെ വ്യക്തമാക്കിയിരുന്നു.

Content Highlights: Moeen Ali Claims He Was Called "Osama" By Australian Player During Ashes 2015