ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ മോയിന്‍ അലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 34 കാരനായ അലി ഇംഗ്ലണ്ടിന് വേണ്ടി 64 ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 195 വിക്കറ്റുകളും സ്വന്തമാക്കി. അഞ്ചുതവണ അഞ്വുവിക്കറ്റ് നേട്ടവും അഞ്ച് സെഞ്ചുറികളും താരം നേടിയിട്ടുണ്ട്.

2014 ലാണ് അലി ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ചത്. ഏകദിനത്തിലും ട്വന്റി 20 യിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുവേണ്ടിയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതെന്ന് അലി പറഞ്ഞു.

'കഴിയാവുന്നത്ര കാലം ഇംഗ്ലണ്ടിന് വേണ്ടി കളിക്കണമെന്നാണ് എന്റെ ആഗ്രഹം. ടെസ്റ്റ് ക്രിക്കറ്റ് ബാറ്റിങ്ങിലും ബൗളിങ്ങിലും എനിക്ക് നിരവധി ഓര്‍മകള്‍ സമ്മാനിച്ചു. ബ്രിട്ടീഷുകാരായ നിരവധി മുസ്ലീം സഹോദരങ്ങള്‍ക്ക് പ്രചോദനമേകാന്‍ എനിക്ക് സാധിച്ചു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മുസ്ലീം താരങ്ങള്‍ ഇംഗ്ലണ്ടിനുവേണ്ടി കളിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇനി ഏകദിനത്തിലും ട്വന്റി 20 യിലും കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നെ ഇവിടെ എത്തിച്ച എല്ലാ പരിശീലകരെയും ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്നു' -അലി വ്യക്തമാക്കി. 

നിലവില്‍ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി കളിക്കുകയാണ് താരം. 64 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി അലി 2914 റണ്‍സ് നേടിയിട്ടുണ്ട്. 155 ആണ് ഉയര്‍ന്ന സ്‌കോര്‍. 14 തവണ അര്‍ധശതകം നേടി. ബൗളിങ്ങില്‍ 53 റണ്‍സിന് ആറുവിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 

Content Highlights: Moeen Ali announces retirement from Test cricket