ഓള്‍ഡ് ട്രാഫോഡ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലൂടെ ചരിത്രനേട്ടം സ്വന്തമാക്കി ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ മോയിന്‍ അലി. നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ 250 റണ്‍സ് നേടുകയും 25 വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ആദ്യ താരമെന്ന ചരിത്രനേട്ടമാണ് ഓല്‍ഡ് ട്രാഫോഡില്‍ മോയിന്‍ അലി പിന്നിട്ടത്. മുന്‍ കിവി പേസ് ബൗളര്‍ റിച്ചാര്‍ഡ് ഹാഡ്‌ലിയാണ് അലിക്ക് തൊട്ടുപിന്നിലുള്ളത്. ഹാഡ്‌ലിയുടെ പേരില്‍ 250 റണ്‍സും 20 വിക്കറ്റുമാണുള്ളത്. മോയിന്‍ അലിയുടെ ഓള്‍റൗണ്ട് മികവില്‍ ഇംഗ്ലണ്ട് 3-1ന് പരമ്പര സ്വന്തമാക്കുകയും ചെയ്തു.

177 റണ്‍സിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇംഗ്ലണ്ട് വിജയമാഘോഷിച്ച നാലാം ടെസ്റ്റില്‍ 89 റണ്‍സും ഏഴു വിക്കറ്റുമാണ് മോയിന്‍ അലി നേടിയത്. രണ്ടാമിന്നിങ്‌സില്‍ 380 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ പരാജയത്തിലേക്ക് തള്ളിവിട്ടത് അഞ്ചു വിക്കറ്റ് നേടിയ മോയിന്‍ അലിയാണ്. ഇത്രയും വലിയ വിജലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ തന്നെ ദക്ഷിണാഫ്രിക്ക പരാജയം മണത്തതാണ്. കാരണം ഓള്‍ഡ് ട്രാഫോഡില്‍ പിന്തുടര്‍ന്ന് നേടിയ വിജയങ്ങളില്‍ ഏറ്റവും വലുത് ന്യൂസിലന്‍ഡിന്റെ പേരിലുള്ളതാണ്. 2008ല്‍ 284 റണ്‍സ് പിന്തുടര്‍ന്നാണ് കിവീസ് വിജയിച്ചത്. 

രണ്ടാമിന്നിങ്‌സില്‍ 19 ഓവര്‍ പിന്നിട്ടപ്പോഴേക്കും ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തിയിരുന്നു. സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് 40 റണ്‍സും. എന്നാല്‍ ഫാഫ് ഡു പ്ലെസിസും ഹാഷിം അംലയും അര്‍ധസെഞ്ചുറിയുമായി പ്രോട്ടിയസിനെ ട്രാക്കിലേക്ക് കൊണ്ടുവന്നു. എന്നാല്‍ ഇതിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ഹാഷിം അംലയെ പുറത്താക്കി മോയിന്‍ അലി 123 റണ്‍സിന്റെ കൂട്ടുകെട്ട് പൊളിച്ചു. 

പിന്നാലെ ഡി കോക്കിനെയും ഡി ബ്രിയിനെയും അലി പുറത്താക്കി. റബാഡയും ഡു പ്ലെസിസും ആന്‍ഡേഴ്‌സന്റെ ഇരയായപ്പോള്‍ മോണി മോര്‍ക്കലിന്റെ ഒലിവിയറിന്റെയും വിക്കറ്റെടുത്ത് മോയിന്‍ അലി ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചു.