ദുബായ്: വനിതകളുടെ ഏകദിന ക്രിക്കറ്റ് ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യന്‍ താരം മിതാലി രാജ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ അര്‍ധസെഞ്ചുറി നേടിയതോടെയാണ് താരം രണ്ടാം സ്ഥാനത്തുനിന്ന് ഒന്നാം റാങ്കിലേക്ക് കയറിയത്. 

762 പോയന്റാണ് മിതാലിയുടെ അക്കൗണ്ടിലുള്ളത്. മറ്റൊരു ഇന്ത്യന്‍ താരമായ സ്മൃതി മന്ദാനയും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. എട്ടാം സ്ഥാനത്തായിരുന്ന സ്മൃതി പുതിയ റാങ്കിങ് പ്രകാരം ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 701 പോയന്റാണ് താരത്തിനുള്ളത്. 

ദക്ഷിണാഫ്രിക്കയുടെ ലിസെല്ലെ ലീയാണ് പട്ടികയില്‍ രണ്ടാമത്. ഓസ്‌ട്രേലിയയുടെ അലീസ ഹീലി മൂന്നാമതും ഇംഗ്ലണ്ടിന്റെ ടാമി ബ്യൂമൗണ്ട് നാലാമതും നില്‍ക്കുന്നു.

വനിതാ ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ദീപ്തി ശര്‍മ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്കുയര്‍ന്നു. 331 പോയന്റാണ് താരത്തിനുള്ളത്. ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തിലുള്ള ഏക താരവും ദീപ്തി ശര്‍മയാണ്. ഓസ്‌ട്രേലിയയുടെ എലീസെ പെറിയാണ് പട്ടികയില്‍ ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ മാരിസാനെ കാപ്പ് രണ്ടാമതും ഇംഗ്ലണ്ടിന്റെ നതാലി സൈവര്‍ മൂന്നാമതുമാണ്. 

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ വനിതകള്‍ ഇടം നേടി. ഇന്ത്യയുടെ ജൂലന്‍ ഗോസ്വാമി ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം റാങ്കിലെത്തിയപ്പോള്‍ പൂനം യാദവ് ഒന്‍പതാം റാങ്കില്‍ തന്നെ തുടരുന്നു. ഓസ്‌ട്രേലിയയുടെ ജെസ്സ് ജോനാസ്സെന്‍ ഒന്നാം റാങ്കിലും മീഗന്‍ ഷട്ട് രണ്ടാം റാങ്കിലും തുടരുന്നു. 

Content Highlights: Mithali retains top spot, Satterthwaite enters top-five in  ICC ODI Rankings