ന്യൂഡൽഹി: വനിതാ ഐ.പി.എൽ ഈ വർഷം തന്നെ നടത്തുമെന്ന ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ഇന്ത്യൻ വനിതാ ഏകദിന ടീമിന്റെ ക്യാപ്റ്റൻ മിതാലി രാജും താരങ്ങളും. ട്വിറ്ററിലൂടെയായിരുന്നു മിതാലിയുടെ പ്രതികരണം.

ഇക്കഴിഞ്ഞ മാർച്ചിൽ അവസാനിച്ച ട്വന്റി 20 ലോകകപ്പിനു ശേഷം ഇന്ത്യൻ വനിതാ ടീം പിന്നീട് ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല. ഏകദിനം മാത്രം കളിക്കുന്ന മിതാലി ടീമിനായി അവസാനം കളിച്ചത് കഴിഞ്ഞ നവംബറിലാണ്.

പിന്നാലെ വന്ന ഇംഗ്ലണ്ട് പര്യടനം റദ്ദാക്കിയതോടെ അടുത്ത വർഷം ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ നടക്കാനിരിക്കുന്ന വനിതാ ഏകദിന ലോകകപ്പിനായി ഒരുങ്ങാൻ വനിതാ താരങ്ങൾക്ക് കൂടുതൽ അവസരം ലഭിക്കില്ലെന്ന സ്ഥിതിയായിരുന്നു. ഗാംഗുലിയുടെ പ്രഖ്യാപനത്തോടെ ഈ ആശങ്കയാണ് ഒഴിവായിരിക്കുന്നത്.

'ഇത് മികച്ച വാർത്തയാണ്. ഒടുവിൽ ഞങ്ങളുടെ ഏകദിന ലോകകപ്പ് ക്യാമ്പെയ്നിന് തുടക്കമാകുകയാണ്. സൗരവ് ഗാംഗുലിക്കും ജയ് ഷായ്ക്കും നന്ദി. വനിതാ ക്രിക്കറ്റിനെ പിന്തുണച്ചതിന് ബോറിയ മജുംദാറിനും.' - മിതാലി ട്വീറ്റ് ചെയ്തു.

'നല്ല വാർത്ത. സൗരവ് ഗാംഗുലിക്കും ബി.സി.സി.ഐക്കും നന്ദി' - ഇന്ത്യൻ സ്പിന്നർ പൂനം യാദവും ട്വീറ്റ് ചെയ്തു.

വനിതാ ക്രിക്കറ്റ് താരങ്ങളെ ഉൾപ്പെടുത്തിയുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് ഈ വർഷം തന്നെ നടത്തുമെന്നും നവംബറിൽ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാമ്പ് സംഘടിപ്പിക്കുമെന്നുമായിരുന്നു ഗാംഗുലിയുടെ പ്രഖ്യാപനം. ഐ.പി.എൽ ഭരണസമിതി യോഗത്തിലായിരിക്കും ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക. നവംബർ ഒന്ന് മുതൽ 10 വരെ ടൂർണമെന്റ് സംഘടിപ്പിക്കാനാണ് ബി.സി.സി.ഐ ലക്ഷ്യം വെക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം ഇപ്പോൾ ഐ.പി.എല്ലിന്റെ 13-ാം സീസൺ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.സി.സി.ഐ. യു.എ.ഇയിൽ നടക്കുന്ന ടൂർണമെന്റ് സെപ്റ്റംബർ 19-ന് ആരംഭിച്ച് നവംബർ എട്ടിന് അവസാനിക്കും.

Content Highlights: Mithali Raj welcome Sourav Ganguly announcement on Womens IPL