ഡെര്‍ബി: ലോകകപ്പിന്റെ ഫൈനലിലെത്തിയതോടെ ഇന്ത്യയുടെ നായികമാരായിക്കഴിഞ്ഞിരിക്കുകയാണ് വനിതാ ക്രിക്കറ്റ് ടീം. ഹര്‍മന്‍പ്രീത് കൗര്‍, മിഥാലി രാജി, സ്മൃതി മന്ദാന, ദീപ്തി ശര്‍മ്മ, വേദ കൃഷ്ണമൂര്‍ത്തി, ജുലന്‍ ഗോസ്വാമി എന്നിങ്ങനെ നീളുന്ന ഓരോ പേരിനോടും ഇന്ത്യക്കാര്‍ക്ക് ആരാധനയാണ്. സോഷ്യല്‍ മീഡിയയില്‍ വിമണ്‍ ഇന്‍ ബ്ലൂവിന് നിലക്കാത്ത അഭിനന്ദനപ്രവാഹവുമാണ്. 

എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ക്രിക്കറ്റ് കളിക്കാന്‍ മാത്രമല്ല അറിയുക. ആഘോഷ സമയത്ത് ചുവടു വെയ്ക്കാനും ഇവര്‍ തയ്യാറാണ്. ഐ.പി.എല്ലില്‍ സിക്‌സും ഫോറുമടിക്കുമ്പോള്‍ നൃത്തം ചെയ്യാന്‍ ചിയര്‍ ഗേള്‍സ് വേണമെങ്കില്‍ ഇന്ത്യന്‍ വനിതാ ടീമിന് അങ്ങനെ ഒരു പ്രത്യേക നൃത്തസംഘത്തെ ആശ്രയിക്കേണ്ട ആവശ്യമൊന്നുമില്ല.

ഓസീസിനെതിരായ സെമിഫൈനലില്‍ സൈഡ് ലൈനിലിരുന്ന് മിഥാലിയും വേദയും ഒന്നാന്തരമായി നൃത്തം ചെയ്തു. ഹര്‍മന്‍പ്രീത് കൗര്‍ ഓസീസ് ബൗളര്‍മാരെ വെള്ളം കുടിപ്പിക്കുമ്പോള്‍ അതിന്റെ ആഘോഷമെന്നോണമാണ് വേദയും മിഥാലിയും ചുവടുവെച്ചത്. ഹെല്‍മെറ്റും അണിഞ്ഞ് ക്രീസിലിറങ്ങാന്‍ തയ്യാറായി ഇരിക്കുന്ന വേദ ചുവടുകള്‍ മിഥാലിക്ക് പഠിപ്പിച്ചുകൊടുക്കുകയായിരുന്നു. പിന്നീട് ഇരുവരും ഒരുമിച്ചായി നൃത്തം.

ഇത് കുറച്ചുനേരം തുടര്‍ന്നു. ഇരുവരുടെയും നൃത്തം ക്യാമറ പകര്‍ത്തുണ്ടെന്ന് സ്മൃതി മന്ദാന മിഥാലിയെ അറിയിച്ചതോടെ ആ ആഘോഷം ചിരിയിലേക്ക് വഴിമാറി.

നേരത്തെ മിഥാലിയും വേദയും മോണ മെഷ്‌റാമും ടീം ബസ്സിലിരുന്ന് നൃത്തം ചെയ്യുന്ന വീഡിയോ പുറത്തുവന്നിരുന്നു. മുക്കാല മുക്കാബല എന്ന പാട്ടിനനുസരിച്ചായിരുന്നു മൂവരും ചുവടുവെച്ചത്.