ന്യൂഡല്‍ഹി: ടി ട്വന്റി വനിതാ ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ പൊട്ടിത്തെറി. സെമിയില്‍ മിതാലി രാജിനെ കളിപ്പിക്കാതിരുന്നതുമായി ബന്ധപ്പെട്ടാണ് വിവാദം കത്തുന്നത്. മിതാലിയെ കളിപ്പിക്കാതിരുന്നത് ടീം തീരുമാനമാണെന്നും അതില്‍ കുറ്റബോധമില്ലെന്നും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ മിതാലിയുടെ മാനേജര്‍ അനീഷ് ഗുപ്ത ഹര്‍മന്‍പ്രീതിനെതിരേ രംഗത്തുവന്നു.

പക്വതയില്ലാത്ത ഹര്‍മന്‍പ്രീത് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവാന്‍ യോഗ്യയല്ലെന്നും കാര്യങ്ങളെ വളച്ചൊടിക്കുന്ന വ്യക്തിയാണെന്നും അനീഷ പറയുന്നു. കാര്യങ്ങളെ വളച്ചൊടിക്കുന്ന, ഇന്ത്യന്‍ ടീമിന് യോജിക്കാത്ത ക്യാപ്റ്റന്‍. ഇതായിരുന്നു അനീഷ തന്റെ ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ ഈ പരാമര്‍ശം അനീഷ നീക്കം ചെയ്തു. പിന്നാലെ അനീഷയുടെ ട്വിറ്റര്‍ അക്കൗണ്ടും അപ്രത്യക്ഷമായി. 

കമന്റേറ്റര്‍മാരായ സഞ്ജയ് മഞ്ജരേക്കറും നാസര്‍ ഹുസൈനും മിതാലിയെ ഒഴിവാക്കിയതിനെ നേരത്തെ വിമര്‍ശിച്ചിരുന്നു. ടി ട്വന്റിയില്‍ ഏറ്റവു കൂടുതല്‍ റണ്‍സ് നേടിയ താരമായ മിതാലി രാജിനെ ഇംഗ്ലണ്ടിനെതിരേ റിസര്‍വ് ബെഞ്ചിലിരുത്തിയത് ശരിയായില്ല എന്നായിരുന്നു ഇവരുടെ പ്രതികരണം. 

എന്നാല്‍ മിതാലിയെ കളിപ്പിക്കേണ്ടെന്ന തീരുമാനമെടുത്തത് ടീമിനു വേണ്ടിയാണെന്നും ചിലപ്പോള്‍ അത് ശരിയാകുമെന്നും മറ്റു ചിലപ്പോള്‍ പാളിപ്പോകാമെന്നും മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങില്‍ ഹര്‍മന്‍പ്രീത് പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ മിതാലിയെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ കുറ്റബോധമില്ലെന്നും ഹര്‍മന്‍പ്രീത് വ്യക്തമാക്കിയിരുന്നു.

Content Highlights: Mithali Raj's manager lashes out at Harmanpreet Kaur Women's World T20