ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യൻ വനിതകൾ ആവേശ വിജയമാണ് സ്വന്തമാക്കിയത്. നിശ്ചിത ഓവറിന് മൂന്നു പന്ത് ശേഷിക്കെ ഇന്ത്യ വിജയലക്ഷ്യമായ 220 റൺസ് പിന്നിട്ടു.

86 പന്തിൽ 75 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ മിതാലി രാജിന്റെ ഇന്നിങ്സാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. 57 പന്തിൽ 49 റൺസെടുത്ത ഓപ്പണർ സ്മൃതി മന്ദാന മിതാലിക്ക് മികച്ച പിന്തുണ നൽകി.

ഇതോടൊപ്പം ഒരു റെക്കോഡ് കൂടി ഇന്ത്യൻ ക്യാപ്റ്റൻ സ്വന്തം പേരിനൊപ്പം കുറിച്ചു. രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന വനിതാ താരം എന്നതാണ് ആ റെക്കോഡ്. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ചാർലോട്ട് എഡ്വേർഡ്സിനെ മറികടന്നാണ് മിതാലിയുടെ നേട്ടം. മൂന്നു ഫോർമാറ്റിലുമായി 10,337 റൺസാണ് 38-കാരിയുടെ അക്കൗണ്ടിലുള്ളത്. 10,273 റൺസാണ് ചാർലേട്ടിന്റെ പേരിലുള്ളത്. മിതാലിയും ചാർലോട്ടും മാത്രമാണ് രാജ്യാന്തര ക്രിക്കറ്റിൽ 1000 റൺസ് പിന്നിട്ട വനിതാ ക്രിക്കറ്റ് താരങ്ങൾ.

Content Highlights: Mithali Raj Leading Run-Scorer In Womens International Cricket