വഡോദര: അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ടു പതിറ്റാണ്ടിന്റെ തിളക്കവുമായി മിതാലി രാജ്. ബുധനാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനത്തില്‍ ഇന്ത്യന്‍ വനിതാ ടീമിനെ നയിച്ചതോടെ 36-കാരി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം തികച്ചു. വനിതാ ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യതാരവും അന്താരാഷ്ട്ര തലത്തില്‍ നാലാമത്തെ താരവുമാണ്.
സനത് ജയസൂര്യ, ജാവേദ് മിയാന്‍ദാദ്, സച്ചിന് തെണ്ടുല്‍ക്കര്‍ എന്നിവര്‍ മാത്രമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം തുടര്‍ന്നത്. 1999 ജൂണ്‍ 26-ന് 16 വയസ്സുള്ളപ്പോള്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റത്തില്‍തന്നെ സെഞ്ചുറി (114) നേടാനും മിതാലിക്കായി.
ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യയെ നയിച്ച മിതാലിക്ക് അന്താരാഷ്ട്ര തലത്തില്‍ ഒട്ടേറെ റെക്കോഡുകളുണ്ട്. വനിതാ ക്രിക്കറ്റില്‍ കൂടുതല്‍ മത്സരം കളിച്ച താരമെന്ന റെക്കോഡും സെഞ്ചുറിനേടുന്ന പ്രായംകുറഞ്ഞ താരമെന്ന റെക്കോഡും മിതാലിക്കാണ്. 204-ാം ഏകദിനമായിരുന്നു ബുധനാഴ്ച രാജസ്ഥാന്‍കാരി കളിച്ചത്. 191 മത്സരം കളിച്ച ഷാര്‍ലറ്റ് എഡ്വാര്‍ഡ്സാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.
10 ടെസ്റ്റുകളിലും 89 ട്വന്റി-20 കളിലും കളിച്ച മിതാലി കഴിഞ്ഞ മാസം അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റില്‍നിന്ന് വിരമിച്ചിരുന്നു.
മിതാലിയുടെ നേട്ടങ്ങള്‍
*ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം (2364 റണ്‍സ്). ഹര്മന് പ്രീത് കൗറാണ് (2004 റണ്‍സ്) രണ്ടാമത്
*വനിതാ ക്രിക്കറ്റില്‍ സെഞ്ചുറിനേടുന്ന പ്രായം കുറഞ്ഞ താരം. 16 വയസ്സും 205 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ആദ്യ സെഞ്ചുറി.
* 2004-നും 2013-നും ഇടയില്‍ തുടര്‍ച്ചയായി 109 ഏകദിനങ്ങള്‍ കളിച്ചു. ഒരു വനിതാ താരത്തിന്റെ ഏറ്റവും മികച്ച റെക്കോഡാണിത്
* ഇന്ത്യയുടെ പ്രായംകുറഞ്ഞ ക്യാപ്റ്റന്‍. 2004 വിന്‍ഡീസിനെതിരേ ടീമിനെ നയിക്കുമ്പോള്‍ പ്രായം 21 വയസ്സ്.
* വനിതാ ഏകദിനത്തില്‍ 18 തവണ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡുകള്‍ സ്വന്തമാക്കി. വിന്‍ഡീസിന്റെ ടെയ്ലര് സ്റ്റഫാനിക്ക് മാത്രമാണ് (20) ഇതിലും കൂടുതല്‍ മാന്‍ ഓഫ് ദ മാച്ച് നേടാനായിട്ടുള്ളത്.
Content Highlights: Mithali Raj joins Sachin Tendulkar, Sanath Jayasuriya and Javed Miandad in elite list
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..