ബ്രിസ്‌ബേന്‍: ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ അപൂര്‍വമായ റെക്കോഡ് സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ബ്രിസ്‌ബേനില്‍ വെച്ച് നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ആദ്യ ഓവറെറിഞ്ഞ സ്റ്റാര്‍ക്ക് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ റോറി ബേണ്‍സിനെ മടക്കി. 

ഈ വിക്കറ്റിലൂടെയാണ് അപൂര്‍വമായ റെക്കോഡ് സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്. സ്റ്റാര്‍ക്കിന്റെ പന്ത് വിലയിരുത്തുന്നതില്‍ ബേണ്‍സ് പിഴവുവരുത്തി. പന്ത് വിക്കറ്റും കൊണ്ട് പറന്നു. ആഷസ് പരമ്പരയില്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ മാത്രം ബൗളര്‍ എന്ന റെക്കോഡാണ് സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്.  1936 ലാണ് ഇതിനുമുന്‍പ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്. 

അന്ന് ഓസ്‌ട്രേലിയയുടെ തന്നെ ഏര്‍ണി മക്കോര്‍മിക്കാണ് ഈ നേട്ടം സ്വന്തമാക്കിയത്. ആദ്യ പന്തില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ സ്റ്റാന്‍ വോര്‍ത്തിങ്ടണിന്റെ വിക്കറ്റെടുക്കാണ് മക്കോര്‍മി ചരിത്രം കുറിച്ചത്. ഈ മത്സരവും ബ്രിസ്‌ബേനില്‍ തന്നെയാണ് നടന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.

സ്റ്റാര്‍ക്കിന്റെയും പാറ്റ് കമ്മിന്‍സിന്റെയും ജോഷ് ഹെയ്‌സല്‍വുഡിന്റെയും തീതുപ്പുന്ന പന്തുകള്‍ക്ക് മുന്നില്‍ മുട്ടിടിച്ച ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ വെറും 147 റണ്‍സിന് ഓള്‍ ഔട്ടായി. കമ്മിന്‍സ് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്റ്റാര്‍ക്കും ഹെയ്‌സല്‍വുഡും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. 

Content Highlights: Mitchell Starc Repeats 85-year Old Feat To Enter Rarest Of Rare Ashes List