സിഡ്‌നി: ആഷസിനൊരുങ്ങുന്ന ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ക്ക് താക്കീതുമായി ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. തിങ്കളാഴ്ച്ച നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിനിടെ ഇരട്ട ഹാട്രിക് നേടിയാണ് സ്റ്റാര്‍ക്ക് താരമായത്. 1979ന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബൗളറെന്ന റെക്കോഡും ഓസീസ് പേസര്‍ സ്വന്തം പേരില്‍ കുറിച്ചു. 

ഷെഫീല്‍ഡ് ഷീല്‍ഡില്‍ ആദ്യ ഇരട്ട ഹാട്രികാണെങ്കിലും ഫ്‌സറ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇരട്ട ഹാട്രിക് നേടുന്ന എട്ടാമത്തെ താരമാണ് സ്റ്റാര്‍ക്ക്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയുടെ വാലറ്റത്തെ ചുരുട്ടിക്കൂട്ടിയായിരുന്നു ന്യൂ സൗത്ത് വെയ്ല്‍സ് ബൗളറുടെ പ്രകടനം.

ആദ്യ ഇന്നിങ്‌സില്‍ ജെയ്‌സണ്‍ ബെഹെറെന്‍ഡോഫ്, ഡേവിഡ് മൂഡി, സിമോണ്‍ മാക്കിന്‍ എന്നിവരെ പുറത്താക്കി കരിയറിലെ ആദ്യ ഹാട്രിക് നേടിയ സ്റ്റാര്‍ക്ക് രണ്ടാം ഇന്നിങ്‌സിലും ബെഹെറെന്‍ഡോഫിനെയും മൂഡിയെയും പുറത്താക്കി. ഒപ്പം വെല്‍സിനേ കൂടി പറഞ്ഞയച്ച് ഇരട്ട ഹാട്രിക് വിക്കറ്റ് നേട്ടവും ആഘോഷിച്ചു. 

395 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ സ്റ്റാര്‍ക്കിന്റെ ബൗളിങ്ങിന് മുന്നില്‍ പതറിയതോടെ ന്യൂ സൗത്ത് വെയ്ല്‍സ് 171 റണ്‍സിന്റെ വിജയം സ്വന്തമാക്കി. 

ആദ്യ ഇന്നിങ്‌സില്‍ ന്യൂ സൗത്ത് വെയ്ല്‍സിന്റെ 270 റണ്‍സിനെതിരെ ബാറ്റിങ്ങിനിറങ്ങിയ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ 176 റണ്‍സിന് പുറത്തായി. പിന്നീട് രണ്ടാം ഇന്നിങ്‌സില്‍ ആറു വിക്കറ്റിന് 300 റണ്‍സെന്ന നിലയില്‍ ന്യൂ സൗത്ത് വെയില്‍സ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ 223 റണ്‍സിന് പുറത്താകുകയും ചെയ്തു. നവംബര്‍ 23ന് ബ്രിസ്‌ബെയ്‌നില്‍ ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ ആഷസ് പരമ്പരക്ക് തുടക്കമാകും.

Content Highlights: Mitchell Starc Hat Trick Bowl Ashes Test England Australia Cricket