പെര്‍ത്ത്: ആഷസ് ടെസ്റ്റില്‍ അദ്ഭുത വിക്കറ്റുമായി ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ഇംഗ്ലീഷ് താരം ജെയിംസ് വിന്‍സിന്റെ വിക്കറ്റെടുത്ത സ്റ്റാര്‍ക്കിന്റെ പന്തിനെക്കുറിച്ചാണ് ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്. ആഷസ് പരമ്പരയിലെ ഏറ്റവും മികച്ച പന്താണെന്നാണ് ക്രിക്കറ്റ് വിദഗ്ദ്ധര്‍ ഇതിനെ വിലയിരുത്തത്. 21-ാം നൂറ്റാണ്ടിലെ മികച്ച പന്താണിതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

പെര്‍ത്തില്‍ ഇംഗ്ലണ്ടിനെ രക്ഷിക്കാന്‍ പൊരുതുകയായിരുന്നു ജെയിംസ് വിന്‍സ്. എന്നാല്‍ 55 റണ്‍സിലെത്തി നില്‍ക്കെ ഇടങ്കയ്യന്‍ പേസര്‍ വിന്‍സിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു. സ്റ്റാര്‍ക്ക് തൊടുത്തുവിട്ട ഔട്ട് സ്വിങ്ങര്‍ വിന്‍സിന്റെ ബെയ്ല്‍ ഇളക്കി കടന്നുപോയി. ഇന്‍സ്വിങറെന്ന് തോന്നിച്ച പന്ത് വിന്‍സിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് പുറത്തേക്ക് സ്വിങ് ചെയ്യുകയായിരുന്നു. 146.7 കിലോമീറ്റര്‍ വേഗതയില്‍ വന്ന പന്ത് വിന്‍സിന്റെ 2 സ്റ്റമ്പുകളും പിഴുതാണ് കടന്ന് പോയത്

മുന്‍ താരങ്ങളായ വസീം അക്രം, കെവിന്‍ പീറ്റേഴ്‌സണ്‍, ഷെയ്ന്‍ വോണ്‍ തുടങ്ങിയവര്‍ സ്റ്റാര്‍ക്കിന് അഭിനന്ദനവുമായെത്തി. ഇടങ്കയ്യന്‍ പേസര്‍മാര്‍ക്ക് അഭിമാനം തോന്നുന്ന പ്രകടനമാണ് സ്റ്റാര്‍ക്ക് കാഴ്ച്ചവെച്ചതെന്നും അക്രം പറഞ്ഞു. ആഷസിന്റെ പന്താണെന്നായിരുന്നു പീറ്റേഴ്‌സണ്‍ന്റെ അഭിനന്ദനം. നൂറ്റാണ്ടിന്റെ പന്താണെന്നായിരുന്നു സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണിന്റെ വിലയിരുത്തല്‍.

ക്രിക്കറ്റ് ചരിത്രത്തിലെ ഏത് ബാറ്റ്‌സ്മാന്റെയും വിക്കറ്റെടുക്കും ആ പന്തെന്നായിരുന്നു ജിമ്മി നീഷാമിന്റെ കമന്റ്. ഡാമിയന്‍ ഫ്‌ളെമിങ്, മിച്ചല്‍ ജോണ്‍സണ്‍, അലന്‍ ഡൊണാള്‍ഡ് തുടങ്ങിയവരും സ്റ്റാര്‍ക്കിന്റെ പന്തിനെ അഭിനന്ദിച്ചു. ലോക ക്രിക്കറ്റിലെ മികച്ച പേസര്‍മാരില്‍ ഒരാളാണ് മിച്ചല്‍ സ്റ്റാര്‍ക്ക്. 150 കിലോമീറ്ററിലേറെ വേഗത്തില്‍ വരുന്ന സ്വിങ്ങറുകളാണ് സ്റ്റാര്‍ക്കിനെ ബാറ്റ്‌സ്മാന്‍മാരുടെ പേടിസ്വപ്‌നമാക്കുന്നത്.