കൊളംബോ: ഏകദിനത്തില്‍ വേഗത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന താരമെന്ന ബഹുമതി ഇനി ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയുടെ ആദ്യ മത്സരത്തിലാണ് ഓസീസ് ബൗളര്‍ നാഴികക്കല്ല് പിന്നിട്ടത്. 52 മത്സരങ്ങളില്‍ നിന്നാണ് സ്റ്റാര്‍ക്ക് വിക്കറ്റില്‍ സെഞ്ചുറി തികച്ചത്.

53 മത്സരങ്ങളില്‍നിന്ന് 100 തികച്ച പാകിസ്താന്‍ ഓഫ് സ്പിന്നര്‍ സഖ്ലെയ്ന്‍ മുഷ്താഖിന്റെ 19 വര്‍ഷം പഴക്കമുള്ള റെക്കോഡ് ഇതോടെ പഴങ്കഥയായി. ലങ്കക്കെതിരായ മത്സരത്തില്‍ 10 ഓവറില്‍ 32 റണ്‍സ് വഴങ്ങി സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി.

മത്സരത്തില്‍ ഓസ്‌ട്രേലിയ ലങ്കയെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി. 19 പന്ത് ബാക്കി നില്‍ക്കെയായിരുന്നു ഓസീസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ എട്ട് വിക്കറ്റിന് 227 റണ്‍സ് നേടി. 80 റണ്‍സോടെ പുറത്താകാതെനിന്ന ദിനേഷ് ചണ്ഡിമലും 67 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസുമാണ് ശ്രീലങ്ക ഇന്നിങ്സിനെ കരകയറ്റിയത്. ജയിംസ് ഫോക്നര്‍ നാല് വിക്കറ്റ് നേടി. 

സ്റ്റാര്‍ക്കിന്റെ നൂറാം വിക്കറ്റ്

എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 46.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. അര്‍ദ്ധസെഞ്ചുറി നേടീയ സ്റ്റീവന്‍ സ്മിത്തും ആരോണ്‍ ഫിഞ്ചുമാണ് ഓസീസിന്റെ വിജയം എളുപ്പമാക്കിയത്. ശ്രീലങ്കയുടെ ദില്‍റുവാന്‍ പെരേര മൂന്ന് വിക്കറ്റ് വീഴ്ത്തി.