Photo: twitter.com/ICC
വിശാഖപട്ടണം: ഇന്ത്യയ്‌ക്കെതിരായ മാസ്മരിക പ്രകടനത്തിന് പിന്നാലെ പുതിയ റെക്കോഡ് സ്വന്തമാക്കി മിച്ചല്‍ സ്റ്റാര്‍ക്ക്. മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരേ സ്റ്റാര്‍ക്ക് അഞ്ചുവിക്കറ്റ് വീഴ്ത്തിയിരുന്നു. ഇതോടെയാണ് താരം നേട്ടത്തിലെത്തിയത്.
ഏകദിനത്തില്‍ ഏറ്റവുമധികം അഞ്ചുവിക്കറ്റ് വീഴ്ത്തുന്ന ഓസ്‌ട്രേലിയന്‍ താരം എന്ന റെക്കോഡ് സ്റ്റാര്‍ക്ക് സ്വന്തമാക്കി. വെറും 109 മത്സരങ്ങളില്‍ നിന്ന് താരം ഒന്‍പത് തവണ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. ഓസീസ് ഇതിഹാസം ബ്രെറ്റ് ലീയെയാണ് താരം മറികടന്നത്. ബ്രെറ്റ് ലിയും ഒന്‍പത് തവണ അഞ്ചുവിക്കറ്റ് നേട്ടം ആഘോഷിച്ചിട്ടുണ്ടെങ്കിലും അതിന് 217 മത്സരങ്ങള്‍ കളിക്കേണ്ടിവന്നു. കുറഞ്ഞ മത്സരങ്ങളില്‍ നിന്ന് ഏറ്റവുമധികം അഞ്ചുവിക്കറ്റ് നേടിയതോടെ സ്റ്റാര്‍ക്ക് ബ്രെറ്റ് ലീയെ മറികടന്ന് ഒന്നാമതെത്തി.
ഏറ്റവുമധികം അഞ്ചുവിക്കറ്റ് വീഴ്ത്തിയ ലോകതാരങ്ങളില്‍ സ്റ്റാര്‍ക്ക് മൂന്നാമതെത്തി. 258 മത്സരങ്ങളില്‍ നിന്ന് 13 തവണ അഞ്ചുവിക്കറ്റെടുത്ത പാകിസ്താന്റെ വഖാര്‍ യൂനിസാണ് പട്ടികയില്‍ ഒന്നാമത്. 341 മത്സരങ്ങളില്‍ നിന്ന് 10 തവണ അഞ്ചുവിക്കറ്റ് നേടിയ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍ രണ്ടാമതുണ്ട്. സ്റ്റാര്‍ക്കിന് പിന്നാലെ നാലാമായി ബ്രെറ്റ് ലീയും അഞ്ചാമനായി പാകിസ്താന്റെ ഷഹീദ് അഫ്രീദിയുമുണ്ട്. അഫ്രീദി 372 മത്സരങ്ങള്‍ കളിച്ച് ഒന്‍പത് തവണ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി.
ഇന്ത്യയ്‌ക്കെതിരേ എട്ടോവറില്‍ 53 റണ്‍സ് വഴങ്ങിയാണ് സ്റ്റാര്‍ക്ക് അഞ്ചുവിക്കറ്റെടുത്തത്. ഒരു മെയ്ഡന്‍ ഓവറും ചെയ്തു. മത്സരത്തില്‍ ഓസ്‌ട്രേലിയ 10 വിക്കറ്റിന് ഇന്ത്യയെ തകര്‍ത്തു.
Content Highlights: mitchel starc become the fastest bowler to achieve more five wickets for australia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..