പെര്‍ത്ത്:  ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ടെസ്റ്റ്‌ മത്സരത്തിനിടെ താരമായി മിച്ചല്‍ മാര്‍ഷ്. മനോഹരമായ ഒരു ക്യാച്ചിലൂടെയാണ് ഓസീസ് താരം ആരാധകരുടെ ഹൃദയം കവര്‍ന്നത്. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ സ്റ്റീഫന്‍ കുക്കിനെ പുറത്താക്കാന്‍ വായുവില്‍ പറന്ന് പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു മാര്‍ഷ്. 

ആദ്യ ഓവര്‍ എറിയാനായി വന്ന മിച്ചല്‍ സ്റ്റാര്‍ക്കിന്റെ നാലാമത്തെ പന്തില്‍ കുക്കിന് അടി തെറ്റുകയായിരുന്നു.പ്രതിരോധത്തിലൂന്നിയ കുക്കിനെ കബളിപ്പിച്ചു കൊണ്ട് ബാറ്റിന്റെ അരികില്‍ കൊണ്ട പന്ത് പിന്നിലേക്ക് ഉയര്‍ന്ന് പോയി. എന്നാല്‍ സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന മാര്‍ഷ് ഉയര്‍ന്ന് പൊങ്ങി പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ 242 റണ്‍സിന് പുറത്തായ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സില്‍ ഓസീസിനെ 244 റണ്‍സിന് കൂടാരം കയറ്റി. 84 റണ്‍സെടുത്ത ക്വിന്റണ്‍ ഡീ കോക്കും 51 റണ്‍സ് നേടിയ ടെംബ ബാവുമയുമാണ് ദക്ഷിണാഫ്രിക്കയെ 242 റണ്‍സിലെത്തിച്ചത്. രണ്ടാമിന്നിങ്‌സില്‍ ഓസീസിനായി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ഷോണ്‍ മാര്‍ഷും മികച്ച പ്രകടനം പുറത്തെടുന്നു. വാര്‍ണര്‍ 97 റണ്‍സും മാര്‍ഷ് 63 റണ്‍സും നേടി.