സ്‌ട്രേലിയക്കെതിരായ ടിട്വന്റിയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തിയ ആശിഷ് നെഹ്‌റയെച്ചൊല്ലിയുള്ള വിവാദം അവസാനിക്കുന്നില്ല. മുപ്പത്തിയെട്ടുകാരനായ നെഹ്‌റയ്ക്ക് ടീമില്‍ ഇടം നല്‍കിയതെന്തിനാണെന്നാണ് വിമര്‍ശകരുടെ ചോദ്യം. എന്നാല്‍ നെഹ്‌റക്ക് പിന്തുണയുമായി വീരേന്ദര്‍ സെവാഗ് രംഗത്തെത്തിയിരുന്നു.

ആരാധകരുടെ വിമര്‍ശനങ്ങള്‍ അവസാനിച്ചപ്പോള്‍ മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണാണ് നെഹ്‌റയെ പരിഹസിച്ച് രംഗത്തുവന്നിരിക്കുന്നത്. മിച്ചല്‍ ജോണ്‍സണും ന്യൂസീലന്‍ഡ് ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ മക്ഗ്ലീകനും തമ്മിലുള്ള ഒരു ട്വിറ്റര്‍ സംഭാഷണമാണ് പരിഹാസത്തിന് വഴിവച്ചത്. 

കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ലോകത്തെ മികച്ച ഇടങ്കയ്യന്‍ ഫാസ്റ്റ് ബൗളര്‍ ആരെന്ന് തെളിയിക്കാന്‍ ജോണ്‍സണ്‍, മക്ലീഗനെ വെല്ലുവിളിക്കുകയായിരുന്നു. എന്നാല്‍ ഇവരുടെ സംഭാഷണത്തിനിടയില്‍ മുന്‍ ഓസീസ് താരം ഡീന്‍ ജോണ്‍സ് തന്റെ അഭിപ്രായം വ്യക്തമാക്കുകയായിരുന്നു. നിലവില്‍ ആശിഷ് നെഹ്‌റയാണ് ലോകത്തെ ഏറ്റവും വേഗതയേറിയ ഇടങ്കയ്യന്‍ പേസ് ബൗളറെന്നായിരുന്നു ഡീന്‍ ജോണ്‍സിന്റെ ട്വീറ്റ്. ഇതോടെ വിഷയം നെഹ്‌റയിലേക്ക് മാറി.

പന്തെറിയാന്‍ തുടങ്ങുന്നതിന് മുമ്പുള്ള നെഹ്‌റയുടെ റണ്ണപ്പ് വേഗതയേറിയതാണെന്നായിരുന്നു മിച്ചല്‍ ജോണ്‍സന്റെ പരിഹാസം. ജോണ്‍സന്റെ ഈ പരിഹാസം ഇന്ത്യന്‍ ആരാധകര്‍ക്ക് സഹിക്കാനാവുന്നതായിരുന്നില്ല. നെഹ്‌റയുടെ ലൈനും ലെങ്തും മറ്റുള്ളവരേക്കാള്‍ എത്രയോ മികച്ചതാണെന്നായിരുന്നു ഒരു ആരാധകന്റെ മറുപടി. എന്നാല്‍ ഞങ്ങള്‍ വെറുതെ തമാശ പറഞ്ഞതാണെന്നായിരുന്നു മിച്ചല്‍ ജോണ്‍സണ്‍ ആരാധകന് നല്‍കിയ ഉത്തരം. പക്ഷേ അപ്പോഴേക്കും കാര്യങ്ങളെല്ലാം കൈവിട്ടു പോയിരുന്നു. നെഹ്‌റയുടെ കണക്കുകള്‍ നിരത്തി ആരാധകര്‍ മിച്ചല്‍ ജോണ്‍സണെ ട്രോളിക്കൊന്നു.