ന്യൂഡല്‍ഹി:  ഐ.പി.എല്ലിന്റെ ആരാധകരെ പിടിച്ചിരുത്താന്‍ മിനി ഐ.പി.എല്ലുമായ് ബിസിസിഐ. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ തിയ്യതിയുടെയും വേദിയുടെയും കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഈ വര്‍ഷം സപ്തംബറിൽ ഇന്ത്യയ്ക്ക് പുറത്തുള്ള വേദിയില്‍ മിനി ഐ.പി.എല്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് ബി.സി.സി.ഐ പ്രസിഡന്റ്
അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി.

നിലിവിലുള്ള ഐ.പി.എല്ലിനേക്കാള്‍ ദൈര്‍ഘ്യം കുറവാകും മിനി ഐ.പി.എല്ലിന്. രണ്ടാഴ്ചയ്ക്കുള്ളില്‍ അവസാനിക്കുന്ന തരത്തിലാകും മിനി ഐ.പി.എല്‍ പ്ലാന്‍ ചെയ്യുക. മത്സരത്തിന്റെ എണ്ണത്തിലും കുറവുണ്ടാകും. അമേരിക്കയും യുഎഇയുമാണ് മിനി ഐ.പി.എല്ലിന്റെ വേദിയായി ബി.സി.സി.ഐ പരിഗണിക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ടൂര്‍ണമെന്റ് നിര്‍ത്തലാക്കിയതോടെയാണ് ഐ.പി.എല്‍ മിനി പതിപ്പിന്റെ സാധ്യതകള്‍ ബി.സി.സി.ഐ പരിശോധിച്ച് തുടങ്ങിയത്. 

സപ്തംബറിൽ ബംഗ്ലേദശുമായി ഇന്ത്യക്ക് ടെസ്റ്റ് മത്സരമുണ്ടായിരുന്നു. എന്നാല്‍ ബി.സി.സി.ഐ പുറത്തുവിട്ട പുതിയ ഫിക്‌സ്ചറില്‍ ബംഗ്ലാദേശുമായുള്ള മത്സരം മാറ്റി വെച്ചിട്ടുണ്ട്. പകരം ആ സമയത്ത് മിനി ഐ.പി.എല്‍ നടത്താനാണ് ബി.സി.സി.ഐയുടെ പദ്ധതിയെന്നാണ് സൂചന.