ലാഹോര്‍: ക്രിക്കറ്റില്‍ ഓരോ റെക്കോഡുകളും പിന്നിലാക്കി കുതിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഡര്‍ബനില്‍ ഏകദിന കരിയറിലെ 33-ാം സെഞ്ചുറി പൂര്‍ത്തിയാക്കിയ കോലി കളിച്ച വിദേശ രാജ്യങ്ങളിലെല്ലാം ഏകദിന സെഞ്ചുറി നേടിയ താരമെന്ന പുതിയ റെക്കോഡിട്ടിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍, സനത് ജയസൂര്യ എന്നീ താരങ്ങൾക്കൊപ്പമാണ് ഇക്കാര്യത്തില്‍ കോലിയുടെ സ്ഥാനം.
സച്ചിനും ജയസൂര്യയും ഒമ്പത് രാജ്യങ്ങളില്‍ ഏകദിന സെഞ്ചുറി നേടിയിട്ടുണ്ട്. എന്നാല്‍ സച്ചിന് വിന്‍ഡീസിലും ജയസൂര്യക്ക് സിംബാബ്‌വെയിലും നൂറു റണ്‍സ് പിന്നിടാന്‍ കഴിഞ്ഞിട്ടില്ല. അതുപോലെ കോലിക്കും ഒരു രാജ്യത്ത് മാത്രം സെഞ്ചുറി അടിക്കാനായിട്ടില്ല. അതുപക്ഷേ കോലി അവിടെ കളിക്കാത്തതുകൊണ്ടാണ്. പാകിസ്താനാണ് ആ രാജ്യം.
എന്നാല്‍ കോലിയെ വെല്ലുവിളിച്ച് പാക് പരിശീലകന്‍ മിക്കി ആര്‍തര്‍ ഇപ്പോള്‍ രംഗത്തുവന്നിരിക്കുകയാണ്. പാക് മണ്ണില്‍ സെഞ്ചുറി നേടാന്‍ കോലി കഷ്ടപ്പെടേണ്ടി വരുമെന്നും തങ്ങളുടെ ബൗളര്‍മാര്‍ അത്ര പെട്ടെന്ന് അതിന് അനുവദിക്കില്ലെന്നും ആര്‍തര്‍ വ്യക്തമാക്കി. 'കോലി മികച്ച കളിക്കാരനാണ്. ഓരോ ടീമിനെതിരെയും കോലി സെഞ്ചുറിയടിക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. കോലിയുടെ ബാറ്റിങ് കാണാന്‍ എനിക്കിഷ്ടവുമാണ്. പക്ഷേ പാകിസ്താനില്‍ സെഞ്ചുറി നേടുക കോലിക്ക് ബുദ്ധിമുട്ടായിരിക്കും. ഞങ്ങളുടെ ബൗളര്‍മാര്‍ അത്ര പെട്ടെന്ന് അതിന് അനുവദിക്കില്ല'-ആര്‍തര്‍ പറയുന്നു. പാകിസ്താനില്‍ ഒരു മത്സരം കളിക്കാന്‍ ഇന്ത്യയെത്തുമെന്നാണ് പ്രതീക്ഷയെന്നും ആര്‍തര്‍ വ്യക്തമാക്കി.
2009-ല്‍ പാക് പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ടീമിന് നേരെ ഭീകരാക്രമണമുണ്ടായ ശേഷം പാകിസ്താനില്‍ ക്രിക്കറ്റ് മത്സരം വേണ്ടെന്ന് ഐസിസി തീരുമാനിക്കുകയായിരുന്നു. മാത്രമല്ല, ഇന്ത്യ-പാകിസ്താന്‍ ബന്ധം വഷളായതോടെ പാകിസ്താനുമായുള്ള മത്സരം വേണ്ടെന്ന് ഇന്ത്യ നിലപാടെടുക്കുകയും ചെയ്തിരുന്നു.
Content Highlights: Mickey Arthur Pakistan Cricket Coach Throws A Challenge At Virat Kohli