Photo: Getty Images, AFP
ഓവല്‍: ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനു മുമ്പ് താന്‍ പറഞ്ഞ കാര്യം ആലോചിച്ച് ഇപ്പോള്‍ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ തലയില്‍ കൈവെച്ചിരിക്കുന്നുണ്ടാകും. കാരണം ഇന്ത്യയ്ക്കെതിരേ ഇംഗ്ലണ്ട് 400 റണ്‍സ് നേടിയാല്‍ പോലും താന്‍ അദ്ഭുതപ്പെടില്ലെന്ന് പറഞ്ഞ് നാക്ക് വായിലേക്കിട്ടില്ല, അതിനു മുമ്പ് ഇന്ത്യയ്ക്കെതിരേ ഇംഗ്ലണ്ട് 100 റണ്‍സ് കടക്കാന്‍ പോലും പാടുപെടുന്ന സ്ഥിതിയായി.
''ഇംഗ്ലണ്ട് ശക്തരാണ്. വിക്കറ്റാണെങ്കില്‍ ഫ്ളാറ്റും. നെതര്‍ലന്‍ഡിനെതിരെ ഇംഗ്ലണ്ട് 498 റണ്‍സ് സ്കോര്‍ ചെയ്തു, എന്നാലത് ഇന്ത്യയ്ക്കെതിരെ സാധ്യമല്ല. പക്ഷേ ഇംഗ്ലണ്ട് 400 റണ്‍സ് സ്കോര്‍ ചെയ്താല്‍ അതെന്നെ അദ്ഭുതപ്പെടുത്തില്ല.'' - എന്നായിരുന്നു ക്രിക്ബസിന് നല്കിയ അഭിമുഖത്തിനിടെ വോണിന്റെ വാക്കുകള്‍.
എന്നാല്‍ ഈ അഭിമുഖത്തിന്റെ ചൂടടങ്ങും മുമ്പാണ് കെന്നിങ്ടണ്‍ ഓവലില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 25.2 ഓവറില്‍ വെറും 110 റണ്‍സിന് എറിഞ്ഞിട്ടത്. ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ ഇംഗ്ലീഷ് താരങ്ങളുടെ മുട്ടിടിച്ചു. 7.2 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. മൂന്ന് വിക്കറ്റുമായി മുഹമ്മദ് ഷമി മികച്ച പിന്തുണ നല്കി. പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റെടുത്തു.
32 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ഇംഗ്ലണ്ട് നിരയില്‍ നാലു പേര് പൂജ്യരായി മടങ്ങി. നാലു പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.
വാലറ്റത്ത് ഡേവിഡ് വില്ലി (21), ബ്രൈഡന്‍ കാര്‍സ് (15) എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ട് സ്കോര്‍ 100 കടത്തിയത്. ഒരു ഘട്ടത്തില്‍ എട്ടിന് 68 റണ്‍സെന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ട് ഏകദിനത്തില്‍ തങ്ങളുടെ ഏറ്റവും ചെറിയ സ്കോറെന്ന നാണക്കേട് മുന്നില്‍ കണ്ടിരുന്നു. എന്നാല്‍ ഒമ്പതാം വിക്കറ്റില്‍ 35 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ സഖ്യമാണ് ഇംഗ്ലണ്ടിനെ ആ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. 2001-ല്‍ ഓസ്ട്രേലിയക്കെതിരേ 86 റണ്‍സിനു പുറത്തായതാണ് ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും ചെറിയ സ്കോര്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..