ലണ്ടന്‍: കഴിഞ്ഞ ദിവസം ബി.സി.സി.ഐ തങ്ങളുടെ പുതുക്കിയ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ചിരുന്നു. കരാറിലെ ഏറ്റവും ഉയര്‍ന്ന എ പ്ലസ് വിഭാഗത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലി, രോഹിത് ശര്‍മ, പേസ് ബൗളര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ മാത്രമാണ് ഇടംപിടിച്ചത്. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഗ്രേഡ് എ വിഭാഗത്തിലാണ് ബി.സി.സി.ഐ ഉള്‍പ്പെടുത്തിയത്.

ഇപ്പോഴിതാ ജഡേജയെ ഉയര്‍ന്ന ഗ്രേഡിലേക്ക് പരിഗണിക്കാതിരുന്ന ബി.സി.സി.ഐ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ഈ നടിപടിയെ അപകീര്‍ത്തികരമെന്ന് വിശേഷിപ്പിച്ച വോണ്‍, വിരാട് കോലിക്ക് ശേഷം ടീമിലെ വലിയ താരമാണ് ജഡേജയെന്നും കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ നിരയിലെ സജീവ സാന്നിധ്യമാണ് ജഡേജ. ടീമിനായി ബാറ്റിങ്ങിലും ബോളിങ്ങിലും ഫീല്‍ഡിങ്ങിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന താരം കൂടിയാണ് അദ്ദേഹം.

അതേസമയം മൈക്കല്‍ വോണിന് പിന്നാലെ മുന്‍ ഇന്ത്യന്‍ സെലക്ടര്‍ എം.എസ്.കെ പ്രസാദും ജഡേജയ്ക്ക് ഉയര്‍ന്ന ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നല്‍കാത്തതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. എ പ്ലസ് വിഭാഗത്തിലേക്ക് ജഡേജ അര്‍ഹനാണെന്ന് പറഞ്ഞ അദ്ദേഹം ആ വിഭാഗത്തില്‍ നിന്ന് ജഡേജയെ മാറ്റിനിര്‍ത്താന്‍തക്ക കാരണമൊന്നും താന്‍ കാണുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. 

എ പ്ലസ് ഗ്രേഡിലുള്ളവര്‍ക്ക് ഏഴു കോടി രൂപയാണ് വാര്‍ഷിക പ്രതിഫലമായി ലഭിക്കുക. രവിചന്ദ്രന്‍ അശ്വിന്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ജഡേജയ്‌ക്കൊപ്പം ഗ്രേഡ് എയില്‍ ഇടംപിടിച്ചിരിക്കുന്ന താരങ്ങള്‍.

Content Highlights: Michael Vaughan unhappy with Ravindra Jadeja s BCCI contract