ലണ്ടന്‍: ഇന്ത്യയ്‌ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോയെ പുറത്തിരുത്തിയ ഇംഗ്ലണ്ടിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന്‍ മൈക്കിള്‍ വോണ്‍. 

ഇന്ത്യയ്‌ക്കെതിരായ എല്ലാ മത്സരങ്ങളിലും ബെയര്‍സ്‌റ്റോയെ ടീമിലുള്‍പ്പെടുത്തണമെന്നാണ് മുന്‍ ഇംഗ്ലീഷ് താരത്തിന്റെ അഭിപ്രായം. 'ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ നിര്‍ബന്ധമായും ബെയര്‍‌സ്റ്റോയെ ടീമിലെടുക്കണമായിരുന്നു. സ്പിന്‍ ബൗളിങ്‌നിരയെ നന്നായി നേരിടുന്ന താരമാണ് ബെയര്‍‌സ്റ്റോ. അദ്ദേഹത്തിന് വിശ്രമമനുവദിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.'-വോണ്‍ ട്വീറ്ററിലൂടെ പ്രതികരിച്ചു. 

ഇന്ത്യയില്‍ ഇംഗ്ലണ്ട് നാല് ടെസ്റ്റുകളും അഞ്ച് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് കളിക്കുക. ഇന്ത്യന്‍ സാഹചര്യം നന്നായി അറിയാവുന്ന ബെയര്‍‌സ്റ്റോ ടീമിലില്ലാത്തത് ടീമിനെ പ്രതികൂലമായി ബാധിക്കുമെന്ന് വോണ്‍ പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ബെയര്‍‌സ്റ്റോ സ്പിന്‍ ബൗളിങ് നിരയെ നന്നായി നേരിട്ടിരുന്നു. ഇംഗ്ലണ്ട് 2-0 ന് പരമ്പര സ്വന്തമാക്കുകയും ചെയ്തിരുന്നു.

Content Highlights: Michael Vaughan slams England selectors for resting Jonny Bairstow in first two Tests against India