ലണ്ടൻ: ഇംഗ്ലീഷ് താരങ്ങളുടെ പഴയകാല ട്വീറ്റുകൾ കുത്തിപ്പൊക്കി വിവാദം സൃഷ്ടിക്കാനുള്ള ശ്രമത്തിനെതിരേ രൂക്ഷ വിമർശനവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും കമന്റേറ്ററുമായ മൈക്കൽ വോൺ. പോസ്റ്റ് ചെയ്ത സമയത്ത് ആർക്കും യാതൊരു അലോസരവുമുണ്ടാക്കാത്ത ട്വീറ്റ് ഇപ്പോൾ എങ്ങനെയാണ വലിയ പ്രശ്നമായി മാറുന്നതെന്ന് വോൺ ചോദിക്കുന്നു.

മോർഗനോ ബട്ലറോ ആൻഡേഴ്സണോ ട്വീറ്റ് ചെയ്ത സമയത്ത് ആർക്കും ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ വർഷങ്ങൾക്കിപ്പുറം ആ ട്വീറ്റുകൾ വിദ്വേഷം ജനിപ്പിക്കുന്നതായി മാറിയത് അദ്ഭുതകരമാണ്. ഈ വേട്ടയാടൽ അവസാനിപ്പിച്ചേ തീരൂ.

ഒലി റോബിൻസൺന്റെ വിഷയത്തിൽ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ഉചിതമായ രീതിയിൽ കൈകാര്യം ചെയ്തുവെന്നാണ് വിശ്വസിക്കുന്നത്. പക്ഷേ അദ്ദേഹത്തെ ഇനി കളിപ്പിക്കരുത് എന്ന് പറയുന്നതിൽ അർത്ഥമില്ല. ഇന്ത്യക്കെതിരേ അദ്ദേഹത്തെടീമിൽ ഉൾപ്പെടുത്തണം.' വോൺ ട്വീറ്റിൽ പറയുന്നു.

ഒലി റോബിൻസൺ, ഇയാൻ മോർഗൻ, ജോസ് ബട്ലർ, ജെയിംസ് ആൻഡേഴ്സൺ തുടങ്ങിയ താരങ്ങൾ പഴയ ട്വീറ്റുകളുടെ പേരിൽ കുരുക്കിൽ പെട്ടിരുന്നു. വംശീയ വിദ്വേഷവും ലൈംഗികാധിക്ഷേപവും നിറഞ്ഞുനിന്ന ട്വീറ്റിന്റെ പേരിൽ റോബിൻസണെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് സസ്പെന്റ് ചെയ്തിരുന്നു. തന്റെ ട്വിറ്റർ അക്കൗണ്ട് തന്നെ ഇല്ലാതാക്കിയാണ് റോബിൻസണ് പകരം ഡോം ബെസ് ടീമിലെത്തിയത്. എന്നാൽ താരത്തിന് പഴയ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ വിനയായി.

ഇന്ത്യക്കാരുടെ ഇംഗ്ലീഷിലുള്ള പ്രാവീണ്യത്തെ പരിഹസിച്ച ട്വീറ്റുകളാണ് മോർഗനേയും ബട്ലറേയും പ്രതിക്കൂട്ടിലാക്കിയത്. 2010-ൽ സഹതാരം സ്റ്റുവർട്ട് ബ്രോഡിനെ ലെസ്ബിയൻ എന്നു വിശേഷിപ്പിച്ചതാണ് ആൻഡേഴ്സണെ കുരുക്കിയത്.