ലണ്ടന്‍: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ പ്രശംസിച്ച് മുന്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാനും നായകനുമായി മൈക്കിള്‍ വോണ്‍. ഓസീസിനെതിരെയുള്ള ഹാര്‍ദിക്കിന്റെ സ്‌ഫോടനാത്മക ബാറ്റിങ് കണ്ടാണ് വോണ്‍ ഹാര്‍ദിക്കിനെ പ്രകീര്‍ത്തിച്ച് സംസാരിച്ചത്.

'ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ട്വന്റി 20 മത്സരങ്ങളിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍ എം.എസ്.ധോനിയായിരുന്നു. ഇപ്പോള്‍ ആ പട്ടം സ്വന്തമാക്കിവെച്ചിരിക്കുന്നത് വിരാട് കോലിയാണ്. എന്നാല്‍ ഇരുവര്‍ക്കും ശേഷം ഇന്ത്യയുടെ ബാറ്റിങ് സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കെത്തുക ഹാര്‍ദിക്കായിരിക്കും.'-വോണ്‍ പറഞ്ഞു.

ഇനി നടക്കാന്‍ പോകുന്ന ട്വന്റി 20 ലോകകപ്പിലും ഐ.പി.എല്ലിലും 2023-ല്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിലുമെല്ലാം ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം നല്‍കാന്‍ പാണ്ഡ്യയ്ക്കാകുമെന്ന് വോണ്‍ വിശ്വസിക്കുന്നു. ഏകദിനത്തിലും ട്വന്റി 20 യിലും ഒരുപോലെ തിളങ്ങാനാകുക എന്നത് ചില്ലറക്കാര്യമല്ലെന്നും ഓസിസിനെതിരായ ഏകദിനത്തില്‍ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ പതറിയപ്പോള്‍ ഹാര്‍ദിക്ക് രണ്ടുതവണ 90 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തത് മറക്കാനാവില്ലെന്നും വോണ്‍ വ്യക്തമാക്കി.

ഹാര്‍ദിക്കിന്റെ രണ്ടാം വരവാണിത്. ആദ്യം മികച്ച കളി പുറത്തെടുത്ത് കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് പുറംവേദനമൂലം ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്. അതിനുശേഷം മാസങ്ങളോളം ടീമില്‍ നിന്നും പുറത്തായി. പിന്നീട് ഐ.പി.എല്ലിലൂടെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് മടങ്ങിയെത്തുകയായിരുന്നു. ബൗള്‍ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കിലും ആ കുറവ് അദ്ദേഹം ബാറ്റിങ്ങിലൂടെ നികത്തി. മുംബൈ ഇന്ത്യന്‍സിന് ഐ.പി.എല്‍ കിരീടം നേടിക്കൊടുക്കുന്നതില്‍ ഹാര്‍ദിക്ക് നിര്‍ണായക പങ്കുവഹിച്ചു. 

Content Highlights: Michael Vaughan predicts big things for Hardik Pandya